Kerala
Kalamassery blast: Special investigation team formed
Kerala

കളമശ്ശേരി സ്‌ഫോടനം: പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

Web Desk
|
29 Oct 2023 3:45 PM GMT

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് അന്വേഷണ സംഘത്തിന്റ തലവൻ

കൊച്ചി: കളമശ്ശേരി സ്‌ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് അന്വേഷണ സംഘത്തിന്റ തലവൻ.

21 അംഗ പ്രത്യേക അന്വേഷണസംഘത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ.അക്ബർ, ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. ശശിധരൻ, തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ പി.വി ബേബി, എറണാകുളം ടൗൺ അസിസ്റ്റൻറ് കമ്മീഷണർ രാജ് കുമാർ.പി, കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ ദാസ്, കണ്ണമാലി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ്, കുറുപ്പുംപടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഫിറോസ്, ഭീകരവിരുദ്ധ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ബിജുജോൺ ലൂക്കോസ് എന്നിവരും മറ്റ് 11 പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഇന്ന് രാവിലെ 9.45ന് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പ്രതിയായ ഡൊമിനിക് മാർട്ടിനെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്. യു.എ.പി.എക്ക് പുറമെ മാർട്ടിനെതിരെ കൊലപാതകം, കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടന വസ്തു നിരോധന നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൂടാതെ ഇയാളുടെ ഫോണും മറ്റ് രേഖകളും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Similar Posts