സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; സെക്രട്ടറിയേറ്റിന് കനത്ത സുരക്ഷ
|ഇന്ന് രാവിലെയാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗം നടന്ന ഹാളിൽ സ്‌ഫോടനമുണ്ടായത്.
തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. തലസ്ഥാനത്ത് ട്രാഫിക് പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പരിശോധനയുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് സുരക്ഷ വർധിപ്പിച്ചു. നാളെ നടക്കാനിരിക്കുന്ന എൻ.ഡി.എയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന. ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പെടെ പരിശോധിക്കാൻ നിർദേശമുണ്ട്.
ഇന്ന് രാവിലെയാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗം നടന്ന ഹാളിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നടന്നത് ഐ.ഇ.ഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് ഡി.ജി.പി സ്ഥിരീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. എൻ.ഐ.എ, എസ്.പി.ജി സംഘങ്ങൾ സ്‌ഫോടനം നടന്ന ഓഡിറ്റോറിയത്തിൽ പരിശോധന നടത്തി. ഓഡിറ്റോറിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.