കളമശ്ശേരി സ്‌ഫോടനത്തിൽ മരണം രണ്ടായി; 90 ശതമാനം പൊള്ളലേറ്റ തൊടുപുഴ സ്വദേശിയും മരിച്ചു
|സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സ്‌ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം സ്‌ഫോടനം തീവ്രവാദമാണെന്നാണ് എഫ്.ഐ.ആർ. പ്രതി മാർട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് മാർട്ടിൻ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്റർനെറ്റിൽ നിന്നാണ് ബോംബ് പ്രവർത്തിപ്പിക്കുന്നത് പഠിച്ചതെന്നാണ് മാർട്ടിന്റെ മൊഴിയും.
പ്രതിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കിട്ടിയിട്ടുണ്ടോ എന്നുള്ളതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്. ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമായതിനാൽ തന്നെ ഇത്തരമൊരു പരിശോധനക്ക് കാര്യമായ പ്രസക്തിയുണ്ട്. പ്രതിയെ നിലവിൽ കളമശ്ശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.