ആളില്ലാത്ത സമയത്ത് ജപ്തി; 40 ലക്ഷം അടച്ചാൽ വീട് വിട്ടുനൽകാമെന്ന് SBI
|ആറുമാസത്തെ സമയം അനുവദിക്കണമെന്ന് കുടുംബം
കൊച്ചി: കളമശേരിയിൽ ജപ്തി ചെയ്ത വീട് 40 ലക്ഷം രൂപ അടക്കുകയാണെങ്കിൽ വിട്ടുനൽകാമെന്ന് എസ്ബിഐ. മൂന്ന് മാസം കൊണ്ട് അടയ്ക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആറുമാസത്തെ സമയം അനുവദിക്കണമെന്ന് വീട്ടുടമ അജയൻ ആവശ്യപ്പെട്ടു. വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദേശം പ്രകാരം കലക്ടറാണ് ബാങ്ക് അധികൃതരുമായി ചർച്ച നടത്തിയത്. അജയനും കുടുംബവും നാളെ എസ്ബിഐ ബാങ്ക് അധികൃതരെ കാണും.
വീട്ടിൽ ആളില്ലാത്ത നേരത്ത് ബാങ്ക് അധികൃതർ എത്തി ജപ്തി നടപടി സ്വീകരിച്ചതായി കളമശ്ശേരി സ്വദേശി അജയനും കുടുംബവും പരാതി ഉന്നയിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിനു ശ്രമം നടത്തിയെങ്കിലും ബാങ്ക് അനുകൂല നടപടി സ്വീകരിച്ചില്ലെന്നായിരുന്നു കുടുംബം പറഞ്ഞത്. 33 ലക്ഷം രൂപ നൽകാനാണ് ബാങ്ക് ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് സെറ്റിൽമെന്റിൽനിന്ന് ബാങ്ക് പിന്മാറി. 50 ലക്ഷം രൂപ അടയ്ക്കാനാണ് ബാങ്ക് ആവശ്യപ്പെട്ടതെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിനിടെയാണ് ബാങ്ക് അധികൃതർ ജപ്തിയുമായി മുന്നോട്ടുപോയത്.