കലിതുള്ളി പേമാരി: പേരൂർക്കടയിൽ കാറിനു മുകളിൽ മരം വീണ് സ്ത്രീക്ക് ദാരുണാന്ത്യം
|പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിൽ പരക്കെ നാശനഷ്ടം. മലപ്പുറം കാടാമ്പുഴയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. മുനമ്പം സ്വദേശി ഷൈജുവാണ് മരിച്ചത്. തിരുവനന്തപുരം പേരൂർക്കടയിൽ കാറിനു മുകളിൽ മരം കടപുഴകി വീണു. സംഭവസമയം കാറിൽ ഉണ്ടായിരുന്ന യാത്രക്കാരി മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചു. കോഴിക്കോടും വ്യപക നാശനഷ്ടം സംഭവിച്ചു. 30ലേറെ വീടുകൾ ഭാഗികമായി തകർന്നു. അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 21 പേരെ മാറ്റി പാർപ്പിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായി.
പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, തൃശുർ, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന നെടുമ്പ്രയാർ എം.ടി.എൽ.പി സ്കൂളിനും വെണ്ണിക്കുളം സെന്റ് ബഹനാന്സ് യു.പി സ്കൂളിനും കളക്ടറാണ് അവധി പ്രഖ്യാപിച്ചു.
അട്ടപ്പാടിയിൽ പുഴയ്ക്ക് സമീപം കുടുങ്ങിയ വയോധികൻ മരിച്ചു. ചിറ്റൂർ തെക്കേ പുലിയറയിലെ പുഴയ്ക്ക് സമീപമാണ് വൃദ്ധനെ അവശനിലയിൽ കണ്ടെത്തിയത്. ഇവിടെ ചൂണ്ടയിടാൻ എത്തിയ യുവാക്കൾ ഇദ്ദേഹത്തെ മറുകരയിൽ കണ്ടെത്തുകയായിരുന്നു. ആർ.ആർ.ടി സംഘവും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹം എങ്ങനെയാണ് ഇവിടെ അകപ്പെട്ടത് എന്ന കാര്യത്തിൽ വ്യക്തതയില്ല.