കള്ളക്കടൽ പ്രതിഭാസം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം
|തീരങ്ങളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടൽക്ഷോഭം ശക്തമാകുന്നു. തിരുവനന്തപുരം, അഞ്ചുതെങ്ങ്, വിഴിഞ്ഞം, പൂന്തുറ തീരങ്ങളിൽ തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.
ഇന്ന് പുലർച്ചയോടെയാണ് കള്ളക്കടൽ പ്രതിഭാസം കേരളത്തിലെ പല തീരങ്ങളിലും ഉണ്ടായിത്തുടങ്ങിയത്. വരും സമയങ്ങളിൽ ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനവള്ളങ്ങൾ തീരത്ത് നിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികൾ. ജില്ലയിലെ പലഭാഗങ്ങളിലും കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇന്നലെ രാത്രി തന്നെ പല വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. പല വീട്ടിലെയും കട്ടിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങി. നേരത്തെ ശക്തമായ തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പലരും ജാഗ്രത പാലിച്ചതിനാൽ വലിയ അപകടം ഒഴിവായിട്ടുണ്ട്.
കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിലും കള്ളക്കടൽ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരുന്നു. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടൽ കരയിലേക്ക് കയറിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടൽ പ്രകടമായിത്തുടങ്ങിയത്. മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
എറണാകുളം ജില്ലയിലും ആലപ്പുഴ ജില്ലയിലും കള്ളക്കടൽ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരുന്നു.