![Hooch tragedy,Tamil NaduHooch tragedy,Kallakurichi hooch tragedy ,Excise Commissioner,latest malayalam news,kerala news,കള്ളക്കുറിച്ചിവ്യാജമദ്യ ദുരന്തം,വ്യാജമദ്യ ദുരന്തം,തമിഴ്നാട് വ്യാജമദ്യം, Hooch tragedy,Tamil NaduHooch tragedy,Kallakurichi hooch tragedy ,Excise Commissioner,latest malayalam news,kerala news,കള്ളക്കുറിച്ചിവ്യാജമദ്യ ദുരന്തം,വ്യാജമദ്യ ദുരന്തം,തമിഴ്നാട് വ്യാജമദ്യം,](https://www.mediaoneonline.com/h-upload/2024/06/20/1430280-madhya.webp)
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; കേരളത്തിലും ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
![](/images/authorplaceholder.jpg?type=1&v=2)
മലപ്പുറത്തും കൊല്ലത്തും പ്രത്യേക ജാഗ്രത വേണമെന്നും എക്സൈസ് കമ്മീഷണറുടെ സർക്കുലർ
തിരുവനന്തപുരം: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും മുൻകരുതൽ വേണമെന്ന് എക്സൈസ് കമ്മീഷണറുടെ സർക്കുലർ. ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണം. മലപ്പുറത്തും കൊല്ലത്തും പ്രത്യേക ജാഗ്രത വേണം. പാലക്കാട് നിന്ന് കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
അതേസമയം, കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നൂറിലധികം പേർ ചികിത്സയിലാണ്.മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. നിലവിൽ 105 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 24 പേരുടെ നില ഗുരുതരമാണ്.
സംഭവത്തിൽ റിട്ട. ജഡ്ജി ബി ഗോകുൽദാസിന്‍റെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും അടിയന്തരമായി നൽകും. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ ചികിത്സയിലുള്ളവരെ സന്ദർശിച്ചു.
അതിനിടെ ഡിഎംകെ സർക്കാറാണ് മദ്യദുരന്തത്തിന് ഉത്തരവാദിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാറിന്‍റെ തികഞ്ഞ അനാസ്ഥയാണെന്ന് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് കുറ്റപ്പെടുത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് 2000 പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.