കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസ്: മണിച്ചന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
|20 വർഷത്തിലധികമായി ജയിൽശിക്ഷ അനുഭവിക്കുന്നതിനാൽ മോചനം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം
ന്യൂഡൽഹി: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ മണിച്ചന്റെ ജയിൽമോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മണിച്ചന്റെ ജാമ്യാപേക്ഷ എതിർത്ത് സംസ്ഥാന സർക്കാർ നൽകിയ രഹസ്യരേഖ കോടതി പരിശോധിക്കും.
20 വർഷത്തിലധികമായി ജയിൽശിക്ഷ അനുഭവിക്കുന്നതിനാൽ മോചനം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മണിച്ചന്റെ ജയിൽമോചനത്തിൽ തീരുമാനമെടുക്കാൻ നേരത്തെ കോടതി ജയിൽ ഉപദേശക സമിതിക്ക് നിർദേശം നൽകിയിരുന്നു.
കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസുമായി ബന്ധപ്പെട്ട് മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. വിഷമദ്യ ദുരന്തക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ 20 വർഷമായി ജയിലിൽ കഴിയുന്നതു ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഉഷ ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മണിച്ചന്റെ ഭാര്യയുടെ ആവശ്യത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം കൈക്കൊള്ളണമെന്ന് സംസ്ഥാന ജയിൽ ഉപദേശക സമിതിയോട് സുപ്രീംകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിൽ സമിതി കൈക്കൊണ്ട നിലപാട് വിലയിരുത്താൻ കോടതി ഹരജി വീണ്ടും പരിഗണിക്കുകയായിരുന്നു.
2000 ഒക്ടോബർ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ വിഷമദ്യ ദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്റെ ഗോഡൗണിൽനിന്ന് മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ മരിച്ചത്.
Summary: kalluvathukkal hooch tragedy case: The Supreme Court will consider Manichan's bail application today