കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസ്: പ്രതി മണിച്ചന് ശിക്ഷ ഇളവ് നൽകണമെന്ന സർക്കാർ ശിപാർശയിൽ ഗവർണറുടെ തീരുമാനം അടുത്താഴ്ച
|രാജ്യത്തിൻറെ സ്വാതന്ത്യലബ്ദിയുടെ 75 ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മണിച്ചനടക്കമുള്ളവർക്ക് ശിക്ഷ ഇളവ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ തയ്യാറാക്കിയത്
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് പ്രതി മണിച്ചനെ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സർക്കാർ ശിപാർശയിൽ ഗവർണറുടെ തീരുമാനം അടുത്താഴ്ച. സംസ്ഥാനത്തിന് പുറത്തുള്ള ഗവർണർ തിരികെ എത്തിയ ശേഷം തീരുമാനമെടുക്കും. മൂന്ന് ദിവസം മുൻപാണ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള മന്ത്രിസഭ ശിപാർശ ഗവർണക്ക് കൈമാറിയത്.
രാജ്യത്തിൻറെ സ്വാതന്ത്യലബ്ദിയുടെ 75 ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ് മണിച്ചനടക്കമുള്ളവർക്ക് ശിക്ഷ ഇളവ് നൽകാനുള്ള ശിപാർശ സംസ്ഥാനസർക്കാർ തയ്യാറാക്കിയത്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ 20 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചൻ അടക്കം 33 പേരുടെ ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്നാണ് സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തിന് പുറത്തുള്ള ഗവർണർ ഞായറാഴ്ച തിരികെ എത്തും.
ബുധനാഴ്ചക്കുള്ളിൽ സർക്കാർ ശിപാർശയിൽ ഗവർണറുടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 31 പേർ മരിക്കുകയും ആറ് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ ഇളവ് നൽകണമെന്ന ശുപാർശ രാജ്ഭവൻ ഗൗരവമായിട്ടാണ് കാണുന്നത്. അത് കൊണ്ട് തന്നെ മന്ത്രിസഭ ശുപാർശയിൽ ഗവർണർ വിശദീകരണമോ നിയമോപദേശമോ തേടാനുള്ള സാധ്യതയും തള്ളിക്കയണ്ട. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണെന്ന് വിചാരണക്കോടതി വിധിന്യായത്തിൽ പ്രത്യേകം പറഞ്ഞതും ഗവർണ്ണർ പരിശോധിച്ചേക്കും. മണിച്ചന് വിടുതൽ നൽകണമെന്ന ഹരജി ഈ മാസം 19 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അതിന് മുന്നോടിയായി ഗവർണ്ണറുടെ തീരുമാനം വരുമെന്ന പ്രതിക്ഷയിലാണ് സർക്കാർ