Kerala
ജോസ് കെ. മാണിയുടെ വരവ് എൽ.ഡി.എഫിന് ഗുണം ചെയ്തില്ല: കാനം രാജേന്ദ്രന്‍
Kerala

ജോസ് കെ. മാണിയുടെ വരവ് എൽ.ഡി.എഫിന് ഗുണം ചെയ്തില്ല: കാനം രാജേന്ദ്രന്‍

Web Desk
|
11 Sep 2021 11:43 AM GMT

എൽ.ഡി.എഫിൽ വന്നത് അവർക്ക് ഗുണം ചെയ്തിട്ടുണ്ടാകാമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ജോസ് കെ. മാണിയുടെ വരവ് പ്രതീക്ഷയ്ക്കനുസരിച്ച് എൽ.ഡി.എഫിന് ഗുണംചെയ്തില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിൽ വന്നത് അവർക്ക് ഗുണം ചെയ്തിട്ടുണ്ടാകാമെന്നും കാനം പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റം യു.ഡി.എഫിനെ ക്ഷയിപ്പിച്ചു എന്നത് വസ്തുതയാണ്. കരുനാഗപ്പള്ളി, മുവാറ്റുപ്പുഴ എന്നിവിടങ്ങളിലെ തോൽവി പരിശോധിച്ച് തിരുത്തൽ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ചതില്‍ ഡി. രാജയോടുള്ള അമര്‍ഷവും കാനം വ്യക്തമാക്കി. ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന്റെ ലംഘനമാണ് ആനി രാജ നടത്തിയത്. ആനി രാജയെ ന്യായീകരിച്ച് ഡി. രാജ നടത്തിയ പരാമർശത്തോടുള്ള എതിർപ്പ് അറിയിക്കും. യു.പിയും കേരളവും ഒരു പോലെയല്ല. ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പമുണ്ടെങ്കിൽ വിമർശിക്കാം. സംസ്ഥാനകൗണ്‍സിലിലെ ചര്‍ച്ചയുടെ വികാരം ജനറല്‍ സെക്രട്ടറിയെ അറിയിക്കുമെന്നും കാനം പറഞ്ഞു.

അതേസമയം, ജനയുഗം മുഖപത്രം ഗുരുവിനെ നിന്ദിച്ചെന്ന പരാമര്‍ത്തിന്‍റെ പേരില്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെ പരസ്യമായി സി.പി.ഐ താക്കീത് ചെയ്തു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചിട്ടില്ല. ശിവരാമന് ഗുരുഭക്തി ഉണ്ടോയെന്നറിയില്ലെന്നും കാനം പറഞ്ഞു.

Similar Posts