മാധ്യമ സ്വാതന്ത്ര്യത്തെ വിലക്കുന്നവര്‍ക്കേറ്റ കനത്ത പ്രഹരം, മീഡിയവണിന് അഭിനന്ദനങ്ങള്‍: കാനം രാജേന്ദ്രന്‍
|'സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന മാധ്യമങ്ങള്‍ക്ക് എതിരായിട്ടുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാരെടുക്കുന്നത്'
കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാലത്ത് മീഡിയവണ്‍ വിലക്ക് നീക്കിയ സുപ്രിംകോടതി വിധി സുപ്രധാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച മീഡിയവണിന് അഭിനന്ദനങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.
"മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാലത്ത് സുപ്രിംകോടതിയുടെ വിധി സുപ്രധാനമാണ്. മാധ്യമസ്വാതന്ത്ര്യം ഭരണകൂടങ്ങള്‍ ഇല്ലാതാക്കുന്ന സമയമാണ്. നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തിക്കാനുള്ള സാതന്ത്ര്യം ഇല്ലാതാക്കുകയാണ്. കോര്‍പറേറ്റ് മാധ്യമങ്ങളോട് അവര്‍ ഈ നയം സ്വീകരിക്കാറില്ല. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന മാധ്യമങ്ങള്‍ക്ക് എതിരായിട്ടുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാരെടുക്കുന്നത്. അതിന് സുപ്രിംകോടതി വിധി കനത്ത പ്രഹരമാണ്. ഇതിനെതിരായ പോരാട്ടം നയിച്ച മീഡിയവണിന് അഭിനന്ദനങ്ങള്‍"- കാനം രാജേന്ദ്രന്‍ പറഞ്ഞു.