കാനം രാജേന്ദ്രൻ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി
|സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രനിത് മൂന്നാം ഊഴമാണ്
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രനിത് മൂന്നാം ഊഴമാണ്. സിപി.ഐ കേന്ദ്ര നേതൃത്വത്തിന്റെ സമവായ നീക്കങ്ങളിലൂടെയാണ് മത്സരം ഒഴിവായത്. പാർട്ടിയിലെ എതിർ സ്വരങ്ങളെയെല്ലാം മറികടന്നാണ് കാനം സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിൽ വീണ്ടുമെത്തിയത്.
കെ.ഇ ഇസ്മായീലാണ് കാനം രാജേന്ദ്രന്റെ പേര് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഈ നിർദേശത്തെ ശരിവെക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. നേതൃ തലത്തിൽ മാറ്റം വേണമെന്നതടക്കമുള്ള ആവശ്യങ്ങളുയർന്നിരുന്നു.
എതിർ നീക്കങ്ങളും വിമത സ്വരങ്ങളും സജീവമായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമവായ നീക്കങ്ങളാണ് കാനത്തിന്റെ വഴിയിലെ തടസങ്ങൾ നീക്കിയത്. പ്രായപരിധി കർശനമായി നടപ്പാക്കിയതോടെ മുതിർന്ന നേതാക്കളായ കെ.ഇ ഇസ്മായിലും സി. ദിവാകരനും സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ടു. കൗൺസിലിലേക്ക് എറണാകുളം പ്രതിനിധികൾക്കിടയിൽ മത്സരം നടന്നു.
കോട്ടയം ,മലപ്പുറം തിരുവനതപുരം സംസ്ഥാന സമ്മേളനങ്ങളിലും കാനം രാജേന്ദ്രനെ നേരിടാൻ എതിർ പക്ഷത്തിനായില്ല. തിരുവനതപുരം സമ്മേളനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് പാർട്ടിക്കുള്ളിൽ അസാധാരണ സാഹചര്യം ഉടലെടുത്തത്. പ്രായ പരിധി നടപ്പാക്കുന്നതിന് എതിരെയും കാനത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തും മുതിർന്ന നേതാക്കൾ രംഗത്ത് വന്നതോടെ പാർട്ടി അക്ഷരാർദ്ധത്തിൽ സ്തംഭിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് ചരിത്രത്തിൽ ആദ്യമായി മത്സരം നടക്കുമെന്ന പ്രതീതി ഉണ്ടായി. എന്നാൽ എതിരാളികളെ നിഷ്പ്രഭരാക്കി എല്ലാ എതിർപ്പുകളെയും നേരിട്ട് കാനം സെക്രട്ടറിയുടെ കസേര മൂന്നാം തവണയും അരക്കിട്ട് ഉറപ്പിച്ചു.
കാനത്തിനെതിരെ മത്സരം സംഘടിപ്പിക്കാൻ എതിർ പക്ഷം നീക്കം നടത്തിയെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ആ വഴി അടച്ചു. പൊതു ചർച്ചയിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതും എതിർ വിഭാഗത്തിന് തിരിച്ചടിയായി. ഇതോടെ കാനത്തിന് മുന്നിൽ എതിർ ചേരിക്ക് കീഴടങ്ങേണ്ടി വന്നു. 75 വയസ് പ്രായ പരിധി നടപ്പാക്കിയപ്പോൾ നേതൃത്വത്തെ വെല്ലുവിളിച്ച സി ദിവാകരനും കെ.ഇ ഇസ്മായിലും കൗൺസിലിൽ നിന്ന് പുറത്തായി.
സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജു, എ.എൻ സുഗതൻ, എം.ടി നിക്‌സൺ, ടി.സി സഞ്ജിത്ത് എന്നിവർക്ക് തോൽവിയുണ്ടായി. സംസ്ഥാന കൗൺസിലിൽ നിന്ന് ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാലിനെ ഒഴിവാക്കി. ബിജിമോളേ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനൊപ്പം പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്നും മാറ്റി നിർത്തി.