Kerala
പ്രായപരിധി കർശനമായി നടപ്പിലാക്കും; മത്സരമുണ്ടായാല്‍ നേരിടുമെന്ന് കാനം രാജേന്ദ്രൻ
Kerala

പ്രായപരിധി കർശനമായി നടപ്പിലാക്കും; മത്സരമുണ്ടായാല്‍ നേരിടുമെന്ന് കാനം രാജേന്ദ്രൻ

Web Desk
|
27 Sep 2022 11:52 AM GMT

പ്രായപരിധിക്കെതിരെ അഭിപ്രായം പറയുന്നവർക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാമെന്നും കാനം പറഞ്ഞു.

തിരുവനന്തപുരം: സിപിഐക്കുള്ളിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രായപരിധി കേരളത്തിൽ ഉണ്ടാക്കിയ തീരുമാനമല്ലെന്നും ദേശീയ കൗൺസിലിന്റെ മാർ​ഗനിർദേശമാണ് സംസ്ഥാനം പിന്തുടരുന്നതെന്നും കാനം പറഞ്ഞു. പ്രായപരിധി സംബന്ധിച്ച് സി ദിവാകരന്റെ പരസ്യവിമർശനം പാർട്ടി പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി.

പ്രായപരിധി സംബന്ധിച്ച് നിലനിൽക്കുന്നത് പാർട്ടി ഭരണഘടന അനുസരിച്ച് ദേശീയ കൗൺസിൽ പുറപ്പെടുവിച്ച മാർ​ഗനിർദേശങ്ങളാണ്. അതിവിടെ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവും കൗണ്‍സിലും കൂടിയപ്പോള്‍ ഞങ്ങൾ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 14 ജില്ലകളിലും ഈ മാർഗ നിർദേശമാണ് നടപ്പാക്കിയത്.

അതിന് ശേഷം സംസ്ഥാന സമ്മേളനത്തിൽ നടപ്പാക്കരുതെന്ന് പറയുന്നത് എന്തിനാണ്. പ്രായപരിധിക്കെതിരെ അഭിപ്രായം പറയുന്നവർക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാമെന്നും കാനം മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രായപരിധി കർശനമായി നടപ്പിലാക്കുമെന്ന് പറഞ്ഞ കാനം മൂന്ന് വർഷം കഴിയുമ്പോൾ അത് തനിക്കും ബാധകമാണെന്നും വ്യക്തമാക്കി.

ഇടതുപക്ഷ നിലപാടില്‍ നിന്ന് വ്യതിചലിച്ചപ്പോള്‍ ആദ്യ പിണറായി സർക്കാറിനെ വിമർശിച്ചിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ന് സി.പി.എമ്മും സി.പി.ഐയും നല്ല നിലയില്‍ ചർച്ച നടക്കുന്നുണ്ട്. എന്നും സർക്കാറിനെ വിമർശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും കാനം അഭിപ്രായപ്പെട്ടു.

അതേസമയം, സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിശദമാക്കി. സംസ്ഥാന സമ്മേളനം പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കും. താന്‍ മാറണമെന്ന അഭിപ്രായം എങ്ങും വന്നില്ല. ഇനി മത്സരമുണ്ടായാല്‍ നേരിടും- കാനം പറഞ്ഞു.

2019ൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവച്ചതാണ് സിൽവർ ലൈൻ പദ്ധതി. അത് ജനങ്ങൾ അംഗീകരിച്ചതുകൊണ്ടാണ് മികച്ച വിജയം നേടിയത്. പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഈ ആശങ്ക പരിഗണിക്കണമെന്നാണ് സി.പി.ഐയുടെ നിലപാട്. പദ്ധതി നടപ്പാക്കുമ്പോൾ സി.പി.ഐയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

Similar Posts