ബിനോയ് വിശ്വത്തിന്റെ പരാമർശം ദുർവ്യാഖ്യാനം ചെയ്തു; കാനം രാജേന്ദ്രൻ
|സി.പി.എമ്മിന് വ്യത്യസ്ത സമീപനം കാണും, മുഖ്യമന്ത്രി പറഞ്ഞത് സി.പി.എമ്മിന്റെ നിലപാട്
കോൺഗ്രസ് തകർന്നാൽ ഈ ശൂന്യത ഇല്ലാതാക്കാൻ ഇടതുപക്ഷത്തിനാകില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശം ദുർവ്യാഖ്യാനം ചെയ്തതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് മറ്റ് പാർട്ടികൾ വരും. ആ സ്ഥാനത്തേക്ക് എല്ലാ സ്ഥലത്തും ഇടതുപക്ഷത്തിന് വരാനാവില്ല. അതാണ് സി.പി.ഐയുടെ നിലപാട്. സി.പി.എമ്മിന് വ്യത്യസ്ത സമീപനം കാണും. അത് കൊണ്ടല്ലേ ഞങ്ങൾ രണ്ട് പാർട്ടിയായി നിൽക്കുന്നത്. സി.പി.എമ്മിന്റെ നിലപാടാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിൽ നിലപാട് ബാധകമല്ല എന്ന് ബിനോയ് വിശ്വം തന്നെ പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. ഡിലിറ്റ് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ആദരവും ശുപാർശ ചെയ്ത് വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളം ഡി.സി.സിയിൽ നടന്ന പി.ടി തോമസ് അനുസ്മരണ പരിപാടിയിലാണ് ബിനോയ് വിശ്വം പരാമർശം നടത്തിയത്. കോൺഗ്രസ് ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാൽ ആ ശൂന്യതയിൽ ആർ.എസ്.എസും ബി.ജെ.പിയും ഇടം പിടിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.