കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ; നാളെ വിവിധയിടങ്ങളിൽ പൊതുദർശനം നടക്കും
|നാളെ രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്കെത്തിക്കും
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ നടക്കും. ഭൗതിക ശരീരം തിരുവനന്തപുരത്തടതക്കം വിവിധിയിടങ്ങൾ പൊതുദർശനത്തിന് വെക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് പ്രകാശ് ബാബുഅറിയിച്ചു. നാളെ രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തേക്കെത്തിക്കും. അതിന് ശേഷം തിരുവനന്തപുരത്തെ ഇടപഴഞ്ഞിയിലുള്ള വീട്ടിലേക്കെത്തിക്കും.
വീട്ടിൽ അൽപനേരം പൊതുദർശനത്തിന് വെച്ച ശേഷം രാവിലെ പത്തുമണിയോടെ തിരുവനന്തപുരത്തെ പി.എസ് സ്മാരകത്തിൽ പൊതു ദർശനത്തിന് വെക്കും. ഡി രാജയടക്കമുള്ള ദേശീയ നേതാക്കൾ അന്ത്യോപചാരമർപ്പിക്കാൻ ഇവിടെയെത്തും. സംസ്ഥാന ഓഫീസിന്റെ പുതുക്കി പണിയൽ നടക്കുന്നതിലാണ് പി.എസ് സ്മാരകത്തിൽ പൊതുദർശനം നടത്തുന്നത്. ഇത് ഉച്ചക്ക് രണ്ടു മണി വരെ തുടരും.
ഇതിന് ശേഷം ഉച്ചക്ക് രണ്ടുമണിയോടെ ഭൗതിക ശരീരം റോഡു മാർഗം കാനം രാജേന്ദ്രെന്റെ നാടായ കോട്ടയം വാഴൂരിലേക്ക് കൊണ്ടുപോകും. ശേഷം അവിടെ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഞായറാഴ്ച 11 മണിയൊടെ ഔദ്യോഗിക ബഹുമതികളോടെ ശവസംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കും.