Kerala
Kanam was a leader who had the strength to say the truth: K. Sudhakaran
Kerala

ശരി പറയാനുള്ള കരുത്തുണ്ടായിരുന്ന നേതാവായിരുന്നു കാനം: കെ. സുധാകരന്‍

Web Desk
|
8 Dec 2023 2:16 PM GMT

'സ്വന്തം മുന്നണിയെയും വിമർശിച്ച നേതാവായിരുന്നു കാനം. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്'

തിരുവനന്തപുരം: വ്യത്യസ്ത ചേരിയിലാണെങ്കിലും ശരി പറയാനുള്ള കരുത്തുണ്ടായിരുന്ന നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. 'സ്വന്തം മുന്നണിയെയും വിമർശിച്ച നേതാവായിരുന്നു കാനം. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്'. സുധാകരൻ കൂട്ടിച്ചേർത്തു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവായിരുന്നു കാനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

'പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. 1982-ൽ ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു. കാനത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗംസംബന്ധിച്ച വാർത്ത ഞെട്ടലോടെയാണ് താൻ ശ്രവിച്ചത്'. കാനത്തിന്റെ വേർപാടിൽ ബന്ധുമിത്രാതികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

അൽപ്പസമയം മുമ്പാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. ഹൃദയാഘാതത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം അവധിയിലായിരുന്നു. പിന്നീടാണ് കാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2015 മുതൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ്. കാനത്തിൻറെ കാലിന് അപകടത്തിൽ പരിക്കേൽക്കുകയും അണുബാധയെ തുടർന്ന് അടുത്തിടെ കാൽപാദം മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.

വാഴൂരിൽനിന്ന് രണ്ടു തവണ നിയമസഭയിലെത്തി. അനാരോഗ്യംമൂലം കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. 52 വർഷമായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 2006ൽ എ.ഐ.ടു.യു.സി സംസ്ഥാന സെക്രട്ടറിയായി. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായാണ് ജനനം.എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. 23ാം വയസ്സിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1982ലും 87ലുമാണ് വാഴൂരിൽനിന്ന് നിയമസഭയിലെത്തിയത്. ആദ്യം എം.കെ. ജോസഫിനെയും പിന്നീട് പി.സി. തോമസിനെയുമാണ് തോൽപിച്ചത്.

Similar Posts