
ഡി.രാജക്കെതിരായ കാനത്തിന്റെ പ്രസ്താവന;സി.പി.ഐയില്‍ ഭിന്നത

കേരള പൊലീസിനെ ഉത്തര്‍പ്രദേശ് പൊലീസുമായി താരതമ്യം ചെയ്ത് ഡി.രാജ നടത്തിയ പ്രസ്താവനെയെയാണ് കാനം വിമര്‍ശിച്ചത്.
സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നടപടിയില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ്. കെ.ഇ ഇസ്മാഈല്‍ കാനത്തിനെതിരെ കത്തു നല്കി. ജനറല്‍ സെക്രട്ടറി ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് കാനം നടത്തിയതെന്നാണ് വിമര്‍ശനം. ചിലര്‍ കേന്ദ്ര നേതാക്കളെ നേരിട്ട് അതൃപ്തി അറിയിച്ചു. പ്രസ്താവന ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും.
കേരള പൊലീസിനെ ഉത്തര്‍പ്രദേശ് പൊലീസുമായി താരതമ്യം ചെയ്ത് ഡി.രാജ നടത്തിയ പ്രസ്താവനെയെയാണ് കാനം വിമര്‍ശിച്ചത്. ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചതില്‍ എന്താണ് കുഴപ്പം. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പം ഉണ്ടെങ്കില്‍ വിമര്‍ശിക്കും. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ. ജനറല്‍ സെക്രട്ടറിയായാലും ചെയര്‍മാനായാലും സ്റ്റേറ്റ് സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. അത് അനുസരിക്കണം. ഇല്ലെങ്കില്‍ വിമര്‍ശിക്കുമെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള പൊലീസില്‍ ആര്.എസ്.എസ് സാന്നിധ്യമുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു ഡി.രാജയുടെയും വിമര്‍ശനം. ദേശീയ നേതാക്കള്‍ സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ സംസ്ഥാന ഘടകവുമായി കൂടിയാലോചിക്കണമെന്നും കാനം പറഞ്ഞു.