കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനും മകനും അറസ്റ്റിൽ
|പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. പത്ത് മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഇ.ഡി അറിയിച്ചു.
നേരത്തെ ഭാസുരാംഗനെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയതിരുന്നു. എന്നാൽ തന്നെ ചോദ്യം ചെയ്യാനല്ല വിളിപ്പിച്ചതെന്നും മൊഴിയെടുക്കാനാണെന്നുമാണ് ഭാസുരാഗൻ പറഞ്ഞത്. അതേസമയം ബാങ്കിൽ നടന്നത് തട്ടിപ്പല്ലെന്നും ക്രമക്കേടാണെന്നും ഭാസുരാംഗൻ പറഞ്ഞു. കൂടാതെ എൽ.ഡി.എഫിൽ തന്നെയുള്ള ഒരാളാണ് ആരോപണത്തിന് പിന്നിലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും ഭാസുരാംഗൻ വ്യക്തമാക്കി.
ഇതിന് മുമ്പ് ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരായ നിർണായക തെളിവുകൾ ഇ.ഡി ശേഖരിക്കുകയും ചെയ്തിരുന്നു.