Kerala
The patient died in Attapadi after the ambulance was delayed,latestnews
Kerala

ആംബുലൻസിലെ രോഗികളുടെ വിവരങ്ങൾ ഇനി അത്യാഹിത വിഭാഗത്തിൽ തത്സമയം അറിയാം

Web Desk
|
11 March 2024 4:30 PM GMT

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ സംവിധാനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനിൽ തെളിയും. കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന ഹോസ്പിറ്റൽ പ്രീ അറൈവൽ ഇന്റിമേഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിർവഹിച്ചു. മികച്ച ട്രോമാകെയർ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവർത്തനം മന്ത്രി വിലയിരുത്തി.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലൻസ് സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 108 ആംബുലൻസിൽ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കിൽ അയതിന്റെ വിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനിൽ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുൾപ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളിൽ ആംബുലൻസ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനിൽ തെളിയും.

കനിവ് 108 ആംബുലൻസ് പദ്ധതിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ആംബുലൻസുകളിൽ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലൻസ് ആശുപത്രിയിൽ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയിൽ എത്തിയാൽ രോഗികൾക്ക് ചികിത്സ നൽകുന്നതിലുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാൻ കഴിയും. ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Similar Posts