ചാലയിൽ കെ റെയിൽ കുറ്റികൾ പിഴുതുമാറ്റി; കെ സുധാകരനും സമരമുഖത്ത്
|നാളെ രാവിലെ കല്ല് സ്ഥാപിക്കുന്നത് തുടരുമെന്നാണ് കെ റെയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. തടയുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും വലിയ പ്രതിഷേധം തുടരുമെന്നുറപ്പാണ്.
കണ്ണൂർ: ചാലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ റെയിൽ സർവേകല്ലുകൾ പിഴുതുമാറ്റി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകി്. തോന്നിയിടത്ത് തോന്നിയ പദ്ധതി ആരംഭിക്കാൻ പിണറായി വിജയന് ഈ നാട് ആരും തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് നല്ല രീതിയിൽ പെരുമാറിയാൽ പൊലീസിന് നല്ലത്, അല്ലെങ്കിൽ പൊലീസിന്റെ ഏത് പ്രതിരോധത്തെയും തകർത്ത് മുന്നോട്ടുപോവാൻ കോൺഗ്രസിന് ശേഷിയുണ്ട്. കഴക്കൂട്ടത്ത് പൊലീസ് ബൂട്ടിട്ട് ആളുകളെ ചവിട്ടിയിട്ടും ഒരു ഇടതുപക്ഷ നേതാവ് പോലും പ്രതികരിച്ചിട്ടില്ല. അറസ്റ്റാണെങ്കിലും കരുതൽ തടങ്കലാണെങ്കിലും അത് നേരിട്ടും. എന്ത് വിലകൊടുത്തും കെ റെയിൽ തടയുമെന്നും സുധാകരൻ വ്യക്തമാക്കി.
ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാനായി ഉദ്യോഗസ്ഥരെത്തിയത്. ഇതിനെതിരെ ആദ്യഘട്ടത്തിൽ പ്രതിഷേധിച്ച നാൽപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. തുടർന്ന് വൈകീട്ട് നാലരയോടെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുറ്റിപൊരിച്ചത്.
കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം അക്ഷരംപ്രതി നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. പൈസ കൊടുക്കുമെന്നാണ് പിണറായി വിജയൻ പറയുന്നത്. എല്ലാ സാധനങ്ങളും പൈസ കൊടുത്തു വാങ്ങാനാവില്ല. കണ്ണൂർ ജില്ലയിൽ എവിടെ കെ റെയിൽ സർവേക്കല്ലുകൾ സ്ഥാപിച്ചാലും പിഴുതെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ കല്ല് സ്ഥാപിക്കുന്നത് തുടരുമെന്നാണ് കെ റെയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. തടയുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും വലിയ പ്രതിഷേധം തുടരുമെന്നുറപ്പാണ്.