'ഇനി ബന്ധത്തിനൊന്നുമില്ല'; എല്ലാം കേട്ടുനിന്ന രഖിൽ അന്ന് പറഞ്ഞത് ഓർത്ത് കണ്ണൂർ ഡി.വൈ.എസ്.പി
|പരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിച്ചപ്പോള്‍ ഡി.വൈ.എസ്.പി ഓഫീസിൽ ശാന്തനായി നിന്ന രഖിൽ അധികം സംസാരിക്കുക പോലും ചെയ്തില്ല. അവസാനം ഒരു തരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് പറഞ്ഞാണ് രഖിൽ പോയതെന്നും കണ്ണൂര്‍ ഡിവൈഎസ്പി പറഞ്ഞു.
രഖിൽ കോതമംഗലത്ത് എത്തി മാനസയെ കാണാൻ ശ്രമിച്ചെന്ന പരാതിയാണ് ആദ്യം ലഭിച്ചതെന്ന് കണ്ണൂർ ഡി.വൈ.എസ്.പി, പി.പി സദാനന്ദൻ. പെൺകുട്ടിയുടെ അച്ഛൻ മാധവൻ കണ്ണൂരിൽ ഹോം ഗാർഡാണ്. അദ്ദേഹത്തെ വ്യക്തിപരമായി അറിയാവുന്നത് കൊണ്ടാണ് പ്രശ്‌നത്തിൽ ഞാൻ തന്നെ നേരിട്ട് ഇടപെട്ടതെന്നും ഡി.വൈ.എസ്പി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ വിളിപ്പിച്ചപ്പോള്‍ ഡി.വൈ.എസ്.പി ഓഫീസിൽ ശാന്തനായി നിന്ന രഖിൽ അധികം സംസാരിക്കുക പോലും ചെയ്തില്ല. അവസാനം ഒരു തരത്തിലുള്ള ബന്ധത്തിനും ഇല്ലെന്ന് പറഞ്ഞാണ് രഖിൽ പോയതെന്നും ഡിവൈഎസ്പി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ബി.ഡി.എസ് വിദ്യാർത്ഥിനിയായ മാനസയും രഖിലും സൗഹൃദം സ്ഥാപിക്കുന്നത്. എന്നാൽ സൗഹൃദം അധികനാൾ നീണ്ടുനിന്നില്ല. രഖിലുമായുള്ള ബന്ധത്തിൽ നിന്ന് മാനസ പിൻവാങ്ങുകയും ചെയ്തു. എന്നാൽ രഖിൽ പിന്മാറാന്‍ തയ്യാറായിരുന്നില്ല. രഖിൽ മാനസയെ ഫോണിൽ ശല്യം ചെയ്യുന്നത് തുടർന്നു. പിന്നീട് മാനസ താമസിക്കുന്ന കോതമംഗലത്തും എത്തി. ഇതോടെയാണ് പെൺകുട്ടി പ്രശ്‌നങ്ങൾ വീട്ടിൽ അവതരിപ്പിച്ചത്. പിന്നാലെയാണ് പൊലീസില്‍ പരാതിപ്പെടുന്നത്.
യുവാവിനെ വിളിച്ച് ശക്തമായി താക്കീത് നൽകണമെന്നാണ് മാനസയുടെ അച്ഛൻ പൊലീസിൽ ആവശ്യപ്പെട്ടത്. കേസെടുക്കാനായി അന്ന് ക്രിമിനൽ കുറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ആദ്യ ദിവസം പരാതി നൽകാൻ മാനസയും എത്തിയിരുന്നു. രഖിലിന്റെ ഫോണിൽ തന്റെ ഫോട്ടോകളുണ്ടെന്നും അത് ഒഴിവാക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു.
പ്രശ്‌നങ്ങളെല്ലാം അവിടെ പറഞ്ഞ് തീർത്തതിന് ശേഷം കൊലപാതക വിവരമാണ് പിന്നീട് അറിയുന്നതെന്നും ഡിവൈഎസ്പി പറയുന്നു.