Kerala
കണ്ണൂരിൽ മൂന്നിടത്ത് ഉരുൾ പൊട്ടി; കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala

കണ്ണൂരിൽ മൂന്നിടത്ത് ഉരുൾ പൊട്ടി; കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Web Desk
|
2 Aug 2022 2:15 AM GMT

വീടിന് മുകളിൽ മണ്ണിടിഞ്ഞ് മറ്റൊരാളെയും കാണാതായി

കണ്ണൂർ: കണ്ണൂരിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം. രണ്ടുപേരെ കാണാതായി. കാണാതായവരിൽ രണ്ടരവയസുള്ള കുഞ്ഞുമുണ്ട്. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാദിറയുടെ രണ്ടര വയസുള്ള മകൾ നുമാ ദാസ്മിനെയാണ് കാണാതായത്. കുഞ്ഞിന്‍റെ മൃതദേഹം രാവിലെ കണ്ടെത്തി.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവർ താമസിക്കുന്ന ക്വാട്ടേഴ്‌സിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം തറയിൽ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. പുലര്‍ച്ചെ വരെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റർ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍.

കുഞ്ഞിനെ പുറമെ മറ്റൊരാളെയും കണ്ണൂരിൽ കാണാതായിട്ടുണ്ട്.വെള്ളറ എസ് ടി കോളനിയിൽ താമസിക്കുന്നയാളെയാണ് കാണാതായത്. വീടിന് മുകളിൽ മണ്ണിടിഞ്ഞാണ് ഇയാളെ കാണാതായത്. മണ്ണ് ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം നടത്തുകയാണ്.

നെടുംപൊയിൽ, ചിക്കേരി കോളനി, നെടുംപുറം ചാൽ എന്നിവടങ്ങളിലാണ് ഉരുൾ പൊട്ടിയത്. കാണിച്ചാറിൽ മണ്ണിടിച്ചിലുണ്ടായി. തൊണ്ടിയിൽ, നെടും പൊയിൽ, കൊമ്മേരി ടൗണുകളിൽ വെള്ളം കയറി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് ഫയര്‍ഫോഴ്സിന് എത്താന്ർ സാധിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ണൂരിൽ മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

കണ്ണൂർ അടച്ചൂറ്റി പാറയിൽ കൃപ അഗതി മന്ദിരത്തിൽ വെള്ളം കയറി. ഇവിടുത്തെ അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇരുപത് വളർത്ത് മൃഗങ്ങൾ ഒലിച്ചു പോയി.നിരവധി വാഹനങ്ങൾ ഒലിച്ചു പോയി. നെടും പൊയിൽ മാനന്തവാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു.

Similar Posts