Kerala
വര്‍ഗീയത അപകടം; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ റിപ്പോർട്ട് തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്
Kerala

വര്‍ഗീയത അപകടം; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ റിപ്പോർട്ട് തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്

Web Desk
|
10 Sep 2021 5:58 AM GMT

സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

കണ്ണൂർ സർവകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കും. വിവാദത്തിൽ പ്രതി​പക്ഷ വിദ്യാഭ്യാസ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സർക്കാർ വിഷയത്തിൽ ഇടപ്പെട്ടിരിക്കുന്നത്​.

വർഗീയത സിലബസിന്‍റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വി.സി അറിഞ്ഞുകൊണ്ടാകണമെന്നില്ല. സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നൽകിയെന്നാണ് കെ.എസ്.യു വ്യക്തമാക്കുന്നത്. വി.സി യുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വി.സി ഉറപ്പു നല്‍കിയതായും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. വിഷയത്തിൽ കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവർത്തകർ യൂണിവേഴ്​സിറ്റിക്ക്​​ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇതിനിടെ സിലബസിനെ പിന്തുണച്ച് യൂണിവേഴ്സിറ്റി യൂണിയന്‍ രംഗത്തെത്തി. സവര്‍ക്കറുടെ പുസ്തകം വിമര്‍ശനാത്മകമായി പഠിക്കണമെന്നാണ് യൂണിയന്‍ ചെയര്‍മാന്‍ എം.കെ ഹസ്സന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Similar Posts