''ഗവർണറുടെ നടപടി അതിരുവിട്ടു''; ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്
|ഗവർണറുടെ പരാമർശം ഭരണഘടനാ പദവി വഹിക്കുന്ന ആൾക്ക് ചേരാത്തതാണെന്നും സർവ്വകലാശാല നിയമങ്ങൾ ഗവർണർ പൂർണമായി മനസിലാക്കിയിട്ടില്ലെന്നും സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആരോപിച്ചു.
ഗവർണർക്കെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്. ഗവർണറുടെ നടപടി അനുചിതവും അപലപനീയവുമെന്നാണ് കണ്ണൂർ സര്‍വകലാശാല സിൻഡിക്കേറ്റിന്‍റെ വിലയിരുത്തല്‍. ഗവർണറുടെ പരാമർശം ഭരണഘടനാ പദവി വഹിക്കുന്ന ആൾക്ക് ചേരാത്തതാണെന്നും സർവ്വകലാശാല നിയമങ്ങൾ ഗവർണർ പൂർണമായി മനസിലാക്കിയിട്ടില്ലെന്നും സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആരോപിച്ചു. ഗവർണറുടെ നടപടി അതിരുവിട്ടതാണെന്നും മര്യാദയുടെ അതിരുകൾ തനിക്ക് ബാധകമല്ലെന്ന രീതിയാണ് ഗവര്‍ണര്‍ തുടരുന്നതെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കണ്ണൂർ വൈസ് ചാൻസലർ ക്രിമിനലാണ്. അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞു.ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമം നടന്നു. ഇത് വി സിയുടെ അറിവോടെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വി.സി ഒപ്പിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. അതേസമയം, വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്‍റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നടപടിക്ക് ശേഷം വി.സി നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളും ഗവർണറെ ചൊടിപ്പിച്ചിരുന്നു. നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ കേസ് കൊടുക്കാൻ നേരത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.വി.സിയുടെ നിയമന ചുമതലയുള്ള ചാൻസലറായ ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും നിയമനടപടിക്കായി സിൻഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതരമായ ചട്ടലംഘനമാണെന്നാണ നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചത്.