ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്
|സിൻഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ഗവർണറുടെ നീക്കമെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. പ്രമേയത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.
ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ഒരു സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കുന്നത് അസാധാരണമാണ്. സിൻഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. കണ്ണൂർ അടക്കം സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ചാണ് പ്രമേയം.
ഉന്നത വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടത്തിനു കേരളത്തെ പ്രാപ്തമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിനെ സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കണ്ണൂർ സർവകലാശാലയുടേതടക്കമുള്ള വി.സിമാരോട് ഗവർണർ ചട്ടവിരുദ്ധമായി രാജി ആവശ്യപ്പെട്ടത്.
ഇത് തികച്ചും അനുചിതമാണ്. സർവകലാശാലാ സംബന്ധമായ 26-ഓളം ഭേദഗതികൾ ഒന്നും അംഗീകരിക്കാതെ ഗവർണർ പിടിച്ചുവച്ചിരിക്കുന്നു. ഇത് സർവകലാശാലാ ഭരണനിർവഹണത്തിനു പോലും തടസമുണ്ടാകുന്ന സ്ഥിതയാണെന്നും പ്രമേയത്തിൽ ആരോപിക്കുന്നു.
Summary: Kannur University Syndicate passed a resolution against the Kerala Governor Arif Mohammed Khan