'ഒരു തത്വശാസ്ത്രത്തെ എതിർക്കാനാണെങ്കില്‍പോലും അതിനെക്കുറിച്ച് ധാരണ ഉണ്ടാകണം' സിലബസ് വിവാദത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വി.സി
|വിവാദ സിലബസ് പിൻവലിക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ.
വിവാദ സിലബസ് പിൻവലിക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. അന്തിമ നിലപാടെടുക്കേണ്ടത് സർവകലാശാല നിയോഗിച്ച കമ്മിറ്റിയാണെന്നും അദ്ദേഹം മീഡിയവണിനോട് വ്യക്തമാക്കി. ഒരു തത്വശാസ്ത്രത്തെ എതിർക്കാന്‍ ആണെങ്കില്‍ തന്നെ അതിനെക്കുറിച്ച് ധാരണ ഉണ്ടാകണം, എങ്കില്‍ മാത്രമേ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത്. കണ്ണൂര്‍ സര്‍വകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
വിവാദത്തിൽ സർവകലാശാലയുടെ നിലപാട് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സിലബസിനെ കുറിച്ച് പഠിക്കാൻ സർവകലാശാല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദേശപ്രകാരമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കമ്മിറ്റിയുടെ ഏത് നിർദേശവും സ്വീകരിക്കും. അദ്ദേഹം പറഞ്ഞു.
എക്കാലത്തും ആർ.എസ്.എസിനേയും ബി.ജെ.പിയേയും എതിർത്തിട്ടുള്ളയാളാണ് താൻ. ഇപ്പോഴുള്ള വിവാദങ്ങളിൽ സങ്കടമുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് പ്രതീക്ഷയെന്നും കണ്ണൂർ വി.സി പറഞ്ഞു. വിവാദ സിലബസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു സർവകലാശാലയോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. സർവകലാശാലയുടെ വിശദീകരണം ലഭിച്ചതിന് ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.