Kerala
കണ്ണൂർ സർവകലാശാല പഠന ബോർഡ്: വിസിയുടെ ശിപാര്‍ശ നിരാകരിച്ച് ഗവര്‍ണര്‍, 72 പേരുടെ പട്ടിക തള്ളി
Kerala

കണ്ണൂർ സർവകലാശാല പഠന ബോർഡ്: വിസിയുടെ ശിപാര്‍ശ നിരാകരിച്ച് ഗവര്‍ണര്‍, 72 പേരുടെ പട്ടിക തള്ളി

Web Desk
|
8 July 2022 4:40 AM GMT

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിയോട് വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിൽ പുനസ്സംഘടിപ്പിച്ച പഠന ബോർഡുകൾക്ക് ഗവർണർ അനുമതി നിഷേധിച്ചു. കണ്ണൂർ വിസിയുടെ ശിപാർശയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളിയത്. ഗവർണർ നടത്തേണ്ട നാമനിർദേശങ്ങൾ സർവ്വകലാശാലയ്ക്ക് എങ്ങനെ നടത്താനാവുമെന്ന്‌ വിശദീകരിക്കാനും വിസിക്ക് നിർദേശം നൽകി.

നിയമ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അവകാശം ഗവർണർക്കാണ്. കണ്ണൂർ സർവകലാശാല ആരംഭിച്ച വർഷം മുതൽ ഈ രീതിയിലാണ് പഠന ബോർഡുകൾ അനുവദിക്കുന്നത്. എന്നാൽ ഇതിനു വിരുദ്ധമായി കഴിഞ്ഞ വർഷം സർവ്വകലാശാല തന്നെ നേരിട്ട് വിവിധ ബോർഡ് അംഗങ്ങളെ നിശ്ചയിച്ചു. ഇതോടെ വിവിധ കോണുകളിൽ നിന്ന് പല ആക്ഷേപങ്ങളും ഉയരാൻ തുടങ്ങി. ബോർഡുകളിൽ സീനിയർ അധ്യാപകരെ ഒഴിവാക്കി സർവീസ് കുറഞ്ഞവരെയും സ്വാശ്രയ കോളജ് അധ്യാപകരെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും നാമനിർദേശം ചെയ്തെന്നാണ് പ്രധാന ആരോപണം. സർവ്വകലാശാലയുടെ നടപടി ചോദ്യംചെയ്ത് അക്കാദമിക് കൗൺസിൽ അംഗം നൽകിയ പരാതിയിൽ ഹൈക്കോടതിയും നിയമനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂർ വിസിയുടെ ശിപാർശ കൂടി ഗവർണർ തള്ളിയത്.

ഗവർണർ നടത്തേണ്ട നാമനിർദേശങ്ങൾ സർവ്വകലാശാലയ്ക്ക് എങ്ങനെ നടത്താനാവുമെന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇത് സംബന്ധിച്ച് എത്രയും വേഗം വിശദീകരണം നൽകാനും വിസിക്ക് അറിയിപ്പ് നൽകി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതില്‍ ഉൾപ്പെടെ വീഴ്ചകൾ ഉണ്ടായ പശ്ചാത്തലത്തിൽ ബോർഡുകളിൽ സീനിയർ അധ്യാപകരെ മാത്രമേ നാമനിർദേശം ചെയ്യാവൂവെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റിയും ഗവർണറെ സമീപിച്ചിരുന്നു.

Similar Posts