Kerala
മെയ് 20 വരെ കൂടും; ശേഷം കേരളത്തിലെ കോവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐഐടി
Kerala

മെയ് 20 വരെ കൂടും; ശേഷം കേരളത്തിലെ കോവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐഐടി

Web Desk
|
4 May 2021 7:33 AM GMT

കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വർധന കുറച്ചു നാള്‍ കൂടി തുടരും.

കേരളത്തില്‍ കോവിഡ് കുറയുമെന്ന് കാണ്‍പൂർ ഐ ഐ ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുമെന്നാണ് പഠനം. എന്നാൽ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വർധന കുറച്ചു നാള്‍ കൂടി തുടരും..

കാണ്‍പൂര്‍ ഐഐടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. എറണാകുളം ജില്ലയിലും കോവിഡ് കേസുകള്‍ കുറച്ചുദിവസം കൂടി കൂടിയേക്കാം. മലപ്പുറം ജില്ലയിലും സമാന അവസ്ഥ ഉണ്ടായേക്കാം.

എങ്കിലും മെയ് പകുതിയാകുമ്പോഴേക്ക് കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുമെന്നാണ് പഠനം. ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. പക്ഷേ, അപ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ മാത്രം 50000 കേസുകള്‍ ഉണ്ടാകും. എടുക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും പഠനത്തില്‍ പറയുന്നുണ്ട്. ഐസിയു ബെഡ് 500 എങ്കിലും കരുതണമെന്നും പഠനത്തില്‍ പറയുന്നു. എറണാകുളത്തും സ്ഥിതി സമാനമാണ്. 545 ഐസിയു ബെഡ്ഡുകള്‍ വരെ കൂടുതലായി കരുതണം. മലപ്പുറത്ത് 39000 കേസുകള്‍ വരെ ഉണ്ടായേക്കാം. രോഗശമന തോത് താരതമ്യേന ജില്ലയില്‍ കുറവാണ് കാണുന്നത്.

കേസുകള്‍ ഇരട്ടിക്കുന്ന ഒരു ട്രെന്‍ഡ് കേരളത്തിലുണ്ടായിരുന്നു. കേരളത്തിലും രാജസ്ഥാനിലുമായിരുന്നു അത് കൂടുതലായി കണ്ടത്. രാജ്യത്ത് തന്നെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ കേരളമാണ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനമെന്നും കാണ്‍പൂര്‍ ഐഐടി പറയുന്നു.

കേരളത്തില്‍ ലോക്ക്ഡൌണ്‍ ആവശ്യം വരില്ലെന്ന നിരീക്ഷണവും പഠനം പങ്കുവെക്കുന്നു. വരുന്ന ഒരാഴ്ച കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം മാത്രം മതിയാകും തീരുമാനമെന്നും പഠനത്തിലുണ്ട്. ഇനിവരുന്ന ഒരാഴ്ച ഗുരുതര രോഗികള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ അത് നിയന്ത്രണവിധേയമാകാന്‍ സമയമെടുക്കും. പക്ഷേ കോവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി കുറയുമെന്നും കാണ്‍പൂര്‍ ഐഐടി വ്യക്തമാക്കുന്നു.



Similar Posts