Kerala
കാന്തപുരത്തിന് ആദരം: ആദ്യ ഹ്യുമാനിറ്റേറിയൻ ഗോൾഡൻ വിസ നൽകി  യുഎഇ
Kerala

കാന്തപുരത്തിന് ആദരം: ആദ്യ ഹ്യുമാനിറ്റേറിയൻ ഗോൾഡൻ വിസ നൽകി യുഎഇ

Web Desk
|
6 Oct 2021 12:17 PM GMT

വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം

കാന്തപുരം എ പി അബൂബക്കർ മുസ്‍‌ലിയാരെ യുഎഇ ഭരണകൂടം ഗോൾഡൻ വിസ നൽകി ആദരിച്ചു. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‍‌ലിയാര്‍ ഗോൾഡൻ വിസ ഏറ്റുവാങ്ങി. യുഎഇയും ജാമിഅ മർകസും തമ്മിൽ നിലനിൽക്കുന്ന അന്താരാഷ്ട്ര ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ആദരം.

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യുഎഇ ഭരണകൂടം നൽകുന്നതാണ് 10 വർഷത്തെ ഗോൾഡൻ വിസ. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് കാന്തപുരം. ജാമിഅ മർകസ് ചാൻസലർ, മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ, അറബി ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള പ്രഭാഷണ കഴിവ് എന്നീ നിലകളിൽ അറബ് മേഖലയിലും അന്താരാഷ്‌ട്ര വേദികളിലും കാന്തപുരത്തിന് നിർണായക സ്വാധീനം ഉണ്ട്.

ഗോൾഡൻ വിസ ലഭിച്ചതിൽ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൾ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവരെ സന്തോഷവും നന്ദിയും അറിയിക്കുന്നതായി കാന്തപുരം പറഞ്ഞു.

Similar Posts