സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചയാളായിരുന്നു ഹൈദരലി തങ്ങള്‍; കാന്തപുരം
|'തങ്ങളുമായുള്ളത് അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധം'
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ. രാഷ്ട്രീയത്തിനപ്പുറം പൊതു നേതാവ് എന്ന നിലയിൽ ഹൈദരലി ശിഹാബ് തങ്ങളുമായി നല്ലൊരു ബന്ധവും സ്‌നേഹവുമായിരുന്നു ഉണ്ടായിരുന്നതെന്നും കാന്തപുരം ഓർമിച്ചു.
തങ്ങളുമായി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ട്. അദ്ദേഹത്തെ എഴുപതുകൾ മുതലേ അടുത്ത പരിചയമുണ്ട്. രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.
സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും കാന്തപുരം അനുസ്മരിച്ചു.