മതംകൊണ്ട് രാഷ്ട്രീയം വളർത്തരുത്, അടിച്ചമർത്തൽ അനുവദിക്കാനാകില്ല-കാന്തപുരം
|''നാട്ടിൽ അടിയും വെട്ടും കുത്തും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് ഇവിടെ ബുൾഡോസറും വന്നിട്ടില്ല. ഇന്ത്യയിൽ 700 വർഷത്തോളം മുസ്‌ലിം ഭരണമുണ്ടായിട്ടുണ്ട്. അന്നൊന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അടിച്ചമർത്തി, നടക്കാൻ അനുവദിക്കാതെ ആരും ഭരിച്ചിട്ടില്ല.''
കോഴിക്കോട്: രാജ്യത്ത് അടിച്ചമർത്തൽ നടപ്പാക്കുന്ന സാഹചര്യമുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. അത് രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരാണ്. മതംകൊണ്ട് രാഷ്ട്രീയം വളർത്തുന്നതും ഭരണം പിടിക്കുന്നതും അനുവദിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
'വെറുപ്പിന്റെ രാഷ്ട്രീയം നാടിനെ അസ്ഥിരപ്പെടുത്തും' എന്ന പ്രമേയത്തിൽ കോഴിക്കോട്ട് നടന്ന എസ്.വൈ.എസ് ജനാധിപത്യ ജാഗരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം. ''രാഷ്ട്രീയ പ്രവർത്തനം മതംകൊണ്ടാകരുത്. മതം കൊണ്ട് പന്തു കളിച്ച് രാഷ്ട്രീയം വളർത്താനും ഭരണം സ്ഥാപിക്കാനും ആർക്കും അനുവാദമില്ല. അത് അനുവദിക്കാനും പറ്റില്ല.''- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ 700 വർഷത്തോളം മുസ്‌ലിം ഭരണമുണ്ടായിട്ടുണ്ട്. അന്നൊന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അടിച്ചമർത്തി, നടക്കാൻ അനുവദിക്കാതെ ആരും ഭരിച്ചിട്ടില്ല. 700 വർഷത്തിലധികം മുസ്‌ലിം രാജാക്കന്മാർ ഭരണം നടത്തിയപ്പോഴെല്ലാം ഹൈന്ദവരും ക്രൈസ്തവരും ബുദ്ധരും ജൈനരും മതമുള്ളവരും ഇല്ലാത്തവരുമെല്ലാം ജീവിച്ചിട്ടുണ്ട്. അവരെ അടക്കി ഇസ്‌ലാമിലേക്ക് നിർബന്ധമായി കടക്കണമെന്ന് പറഞ്ഞിട്ടല്ല ഈ ഭരണങ്ങളൊന്നും നടന്നത്-കാന്തപുരം ചൂണ്ടിക്കാട്ടി.
''ടിപ്പു സുൽത്താൻ ഇവിടെ ഭരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിമാരിലും സെക്രട്ടറിമാരിലും അമുസ്‌ലിംകളുണ്ടായിരുന്നുവെന്ന് ചരിത്രം പഠിപ്പിക്കുന്നു. ഇതിന്റെ അർത്ഥം ഇസ്‌ലാം അടിച്ചമർത്തി വിശ്വസിപ്പിക്കുന്ന മതമല്ല എന്നാണ്. ഇസ്‌ലാം സുന്ദരമായ മതമാണെന്നും, എല്ലാവർക്കും സ്വീകരിക്കാൻ പര്യാപ്തമാണെന്നും ആരെയും നിർബന്ധിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. ആരെയും അടിച്ചേൽപ്പിക്കുകയോ നിർബന്ധിത മതപരിവർത്തനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല.''
''അത്തരമൊരു സ്ഥിതി ഇവിടെ നിലനിർത്തിയതുകൊണ്ടാണ് മുസ്‌ലിം രാജാക്കന്മാർ ഭരിച്ചപ്പോൾ അവരുടെ മന്ത്രിമാരിലും സെക്രട്ടറിമാരിലും സേവകന്മാരിലും അമുസ്‌ലിംകളെയും നിശ്ചയിച്ചത്. ആ പാരമ്പര്യം തന്നെയാണ് രാജ്യത്ത് തുടർന്നുവരുന്നതും വരേണ്ടതും. എന്നാൽ, ഇന്ന് അതിനെതിരായി ഒരു അടിച്ചമർത്തൽ പ്രസ്ഥാനം വന്നുകൊണ്ടിരിക്കുന്നുവെന്നാണ് മനസിലാകുന്നത്. അടിച്ചമർത്തുന്ന ചിന്താഗതി ഒരിക്കലും അനുവദിക്കാൻ പാടില്ല.''
പണ്ട് മറ്റുള്ള മതക്കാരുടെ മുസ്‌ലിം പള്ളിയുടെ അടുത്തുകൂടി ജാഥ ചെണ്ടയും കൊട്ടിപോകുമ്പോൾ കടന്നുപോകുമ്പോൾ നിർത്തിവയ്ക്കുകയും ബാങ്ക് കൊടുക്കുമ്പോൾ ഹൈന്ദവരും ക്രൈസ്തവരും മുസ്‌ലിംകളെപ്പോലെ അച്ചടക്കം പാലിച്ച് നിശബ്ദരാകുകയും ചെയ്യുന്ന കാലമുണ്ടായിരുന്നു. അന്ന് ഇവിടെ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. നാട്ടിൽ അടിയും വെട്ടും കുത്തും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് ഇവിടെ ബുൾഡോസറും വന്നിട്ടില്ല. സമാധാനത്തോടുകൂടി എല്ലാവർക്കും പ്രവർത്തിക്കാനാകണം. അക്കാര്യം രാഷ്ട്രീയക്കാർ അടിയന്തരമായി ശ്രദ്ധിക്കണം. രാഷ്ട്രീയത്തിലും അല്ലാത്തിടത്തും അടിച്ചമർത്തൽ അനുവദിക്കില്ല. കലങ്ങിയ അന്തരീക്ഷം രാജ്യത്തുണ്ടാക്കിയാൽ വോട്ട് കിട്ടില്ല. സമാധാനവും ഉണ്ടാകില്ല. സമാധാനത്തിൽ ഇവിടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കാൻ രാഷ്ട്രീയക്കാർ ശ്രദ്ധിക്കണമെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.
Summary: ''There is a situation of repression in the country. Promoting politics by religion to get power is not allowed in the country'', says Kanthapuram AP Aboobacker Musliyar