Kerala
പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് പ്രതിഷേധാർഹം-കാന്തപുരം
Kerala

പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് പ്രതിഷേധാർഹം-കാന്തപുരം

Web Desk
|
14 Jun 2022 2:35 PM GMT

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം ശരിയായില്ല. നമ്മുടെ രാജ്യവും ജനങ്ങളും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ക്രിയാത്മക രാഷ്ട്രീയ സംവാദങ്ങൾക്കും ജനാധിപത്യ പ്രതിഷേധങ്ങൾക്കുമപ്പുറം പരിധിവിടുന്ന ഇത്തരം സമരമുറകൾ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒഴിവാക്കണം-കാന്തപുരം

കോഴിക്കോട്: പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് ഏത് നിയമവ്യവസ്ഥയുടെ പിൻബലത്തിലാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭരണകൂടം നിയമവാഴ്ച ഉറപ്പുവരുത്തണം. എന്നാൽ, പ്രവാചകനിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങൾ അതിരുവിടരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.

പ്രവാചകനിന്ദയിൽ പ്രതിഷേധിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. അത് പരിഗണിക്കാതെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുകയാണോ? ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ രാജ്യവും ജനങ്ങളും അമ്പരന്നുനിൽക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രൗഢിയും തലയെടുപ്പും ഇവർ മനസ്സിലാക്കുന്നില്ല-കാന്തപുരം കുറ്റപ്പെടുത്തി.

ലോകത്തെ മുഴുവൻ അറബ് മുസ്‌ലിം രാജ്യങ്ങളിലും ഇന്ത്യക്കാരനാണെന്ന് പറഞ്ഞ് എഴുന്നേറ്റുനിൽക്കുമ്പോഴുള്ള അഭിമാനബോധവും ആ രാജ്യങ്ങൾക്ക് നമ്മുടെ ജനാധിപത്യരാഷ്ട്രത്തോടുള്ള ആദരവും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് നാം. ആൾക്കൂട്ടക്കൊലയും ഹിജാബ് നിരോധനവും പൗരത്വനിയമവുമൊക്കെ ജനാധിപത്യ മാർഗത്തിൽ ചോദ്യം ചെയ്തവരുടെ കിടപ്പാടങ്ങൾ തകർത്തും സ്വത്തുവകകൾ നശിപ്പിച്ചുമാണോ നേരിടേണ്ടത്. ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുന്ന നടപടികളാണ്. നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീർപ്പുകൽപിക്കേണ്ടത് കോടതികളുമാണ്. നിയമനടപടികൾ പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങൾ തുടരാൻ അനുവദിക്കരുത്-കാന്തപുരം ആവശ്യപ്പെട്ടു.

പ്രവാചകരെ നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചവർ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്തതെന്നും ഇതിന് രാജ്യത്തെ ബഹുഭൂരിഭാഗം ഹൈന്ദവ സഹോദരങ്ങളും ഉത്തരവാദികളല്ലെന്നും കാന്തപുരം ആവർത്തിച്ചു. പ്രവാചകനിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങൾ അതിരുവിടരുതെന്നും അങ്ങേയറ്റത്തെ സംയമനമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യസംവിധാനത്തിൽ എല്ലാവർക്കുമുണ്ട്. എന്നാൽ, പ്രതിരോധങ്ങൾ അതിരുവിടുന്നത് അംഗീകരിക്കാനാകില്ലെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം ശരിയായില്ല. നമ്മുടെ രാജ്യവും ജനങ്ങളും പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ക്രിയാത്മക രാഷ്ട്രീയ സംവാദങ്ങൾക്കും ജനാധിപത്യ പ്രതിഷേധങ്ങൾക്കുമപ്പുറം പരിധിവിടുന്ന ഇത്തരം സമരമുറകൾ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒഴിവാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Summary: Kanthapuram AP Aboobacker Musliyar criticizes bulldozerraj in UP

Similar Posts