Kerala
Kanthapuram indipendence day message
Kerala

ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യംകൊണ്ട്: കാന്തപുരം

Web Desk
|
15 Aug 2024 10:44 AM GMT

ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രീകരിക്കാനും ഐക്യം പ്രധാനമാണെന്ന് കാന്തപുരം പറഞ്ഞു.

കോഴിക്കോട്: മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുകയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയായി മാറേണ്ടതെന്നും കാന്തപുരം പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രീകരിക്കാനും ഐക്യം പ്രധാനമാണ്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തും അതിജയിക്കാമെന്നും സ്വാതന്ത്ര്യദിന ഓർമകളും വയനാടിലെ ദുരന്താനന്തര കാഴ്ചകളും നിരന്തരം ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തി. കശ്മീരി വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിച്ചു. വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സി.പി ഉബൈദുല്ല സഖാഫി സംസാരിച്ചു.

Similar Posts