ഡീ ലിറ്റ് വിവാദം: തന്നെ ഉൾപ്പെടുത്തിയുള്ള അനാവശ്യ ചർച്ച ഒഴിവാക്കണമെന്ന് കാന്തപുരം
|യൂണിവേഴ്സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിൽ അല്ല, മറിച്ച് യൂണിവേഴ്സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂണിവേഴ്സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വി.സിക്ക് അയച്ച കത്തിൽ കാന്തപുരം പറഞ്ഞു.
കോഴിക്കോട്: ഡീ ലിറ്റ് വിവാദത്തിൽ തന്നെ ഉൾപ്പെടുത്തിയുള്ള അനാവശ്യ ചർച്ച ഒഴിവാക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കയച്ച കത്തിലാണ് കാന്തപുരം ഈ ആവശ്യമുന്നയിച്ചത്. വിദ്യാർഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ യൂണിവേഴ്സിറ്റി കൂടുതൽ വ്യാപൃതരാവണം എന്നതാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെയും മർകസിന്റെയും താൽപര്യം. യൂണിവേഴ്സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിലല്ല, മറിച്ച് യൂണിവേഴ്സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂണിവേഴ്സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
കത്തിലെ പ്രസക്ത ഭാഗങ്ങൾ:
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ഡീ ലിറ്റ് നൽകുന്നതിനായി യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന്റെ സിൻഡിക്കേറ്റിൽ ഒരു പ്രമേയം അവതരിപ്പിച്ചുവെന്നത് സംബന്ധിച്ച് വന്ന വാർത്തയിൽ പ്രതികരണം തേടി നിരവധി മാധ്യമപ്രവർത്തകർ കഴിഞ്ഞ ദിവസം ഞങ്ങളെ ബന്ധപ്പെടുകയുണ്ടായി. ബഹു. ഗ്രാൻഡ് മുഫ്തിയുടെ ഓഫീസിന് ഇതേ കുറിച്ച് യാതൊരു അറിവുമില്ലെന്ന് ഞങ്ങളവരെ അറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളും ഞങ്ങളുടെ ശ്രദ്ധയിൽ പെടുകയുണ്ടായി.
കേരളത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുകയും ചെയ്യുന്ന സർവകലാശാല എന്ന നിലയിൽ അക്കാദമിക രംഗത്ത് വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള സ്ഥാപനമാണ് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്. മർകസ് അതിന്റെ പല വിദ്യാഭ്യാസ പദ്ധതികൾക്കും തുടക്കം കുറിക്കാൻ തിരഞ്ഞെടുത്ത മലബാറിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എന്ന നിലയിൽ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന്റെ പ്രവർത്തനങ്ങളെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും മർകസും വളരെ താൽപര്യത്തോടെയാണ് നോക്കി ക്കാണാറുള്ളത്.
അക്കാദമിക പ്രവർത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ ഊർജ്ജം പ്രധാനമായും പ്രാഥമികമായും ചെലവഴിക്കേണ്ടത് എന്നാണ് മർകസിന്റെ വിശ്വാസം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികൾ നേരിടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഈ മേഖലയിൽ കേരളം നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുന്ന ഒട്ടനവധി അനുകൂല സാഹചര്യങ്ങൾ ഉള്ള ഒരു യൂണിവേഴ്സിറ്റി എന്ന നിലയിൽ ഈ രംഗത്ത് നേതൃപരമായ പങ്ക് വഹിക്കാൻ കാലിക്കറ്റിന് കഴിയുകയും ചെയ്യും.
വിദ്യാർഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് കൂടുതൽ വ്യാപൃതരാവണം എന്നതാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെയും മർകസിന്റെയും താൽപര്യം. യൂണിവേഴ്സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിൽ അല്ല, മറിച്ച് യൂണിവേഴ്സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂണിവേഴ്സിറ്റിക്ക് തന്നെ അകത്തുള്ള കമ്മ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതുവഴി മലബാറിനെ ഒരു എഡ്യൂക്കേഷൻ ഹബ്ബാക്കി മാറ്റാൻ നമുക്ക് കഴിയണം. സമാനമായ താൽപര്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ മർകസിനും മർകസ് നോളജ് സിറ്റിക്കും അനുബന്ധ സംരംഭങ്ങൾക്കും യൂണിവേഴ്സിറ്റിയുമായി യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒട്ടനവധി പ്രവർത്തന മേഖലകൾ ഉണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് മർകസിന്റെ അന്തരാഷ്ട്ര ബന്ധങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള എല്ലാ വിധ പിന്തുണകളും ഞങ്ങൾ ഉറപ്പ് നൽകുന്നു.
ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പേര് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. പ്രതിസന്ധികൾ ഏറെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന് കഴിയട്ടെ.