Kerala
Kanthapuram sys leader against cpm on interreligion marriage
Kerala

'മിശ്രവിവാഹങ്ങൾ ആഘോഷമാക്കുന്നത് പാർട്ടി അജണ്ടയാണോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല'; കുറിപ്പുമായി കാന്തപുരം വിഭാഗം യുവനേതാവ്

Web Desk
|
13 Dec 2023 5:58 AM GMT

വില്യാപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ നേതാവ് മുസ് ലിം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പാർട്ടി ഓഫീസിൽവെച്ച് വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

കോഴിക്കോട്: മിശ്രവിവാഹത്തിൽ സി.പി.എമ്മിനെതിരെ വിമർശനവുമായി കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് റഹ്മത്തുല്ല സഖാഫി എളമരം. വില്യാപ്പള്ളിയിലെ ഡി.വൈ.എഫ്.ഐ നേതാവ് മുസ് ലിം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പാർട്ടി ഓഫീസിൽ വെച്ച് വിവാഹം ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് വിമർശനം.

മതവും സംസ്‌കാരവും വേണ്ടെന്നുവച്ച് ഇഷ്ടപ്പെട്ടവന്റെ കൂടെ പോവാൻ ഇന്ത്യൻ നിയമപ്രകാരം പെൺകുട്ടിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അമരാവതിയിലെ പാർട്ടി ഓഫീസിൽ കൊണ്ടുവന്ന് രക്തഹാരമണിയിച്ച് പാർട്ടി പ്രവർത്തകർ ചേർന്ന് മുദ്രാവാക്യം മുഴക്കി ആഘോഷിക്കുമ്പോൾ ഇതൊരു പാർട്ടി അജണ്ടയാണോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്ന് കുറിപ്പിൽ പറയുന്നു. അല്ലെങ്കിൽ പാർട്ടി പ്രവർത്തകർ ആരെ ഇണയാക്കിയാലും ഇതുപോലെ പാർട്ടി ഓഫീസിൽ ആഘോഷിക്കുന്ന പതിവില്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം വില്ല്യാപ്പള്ളിക്കാരനായ ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഒരു മുസ്ലിം പെൺകുട്ടിയെ പാലക്കാട്ടെ ജോലി സ്ഥലത്തുനിന്നും കടത്തിക്കൊണ്ടു വന്നിട്ടുണ്ട്. പെറ്റുപോറ്റിയ മാതാപിതാക്കളേയും കുടുംബങ്ങളെയും ഉപേക്ഷിച്ച്, തൻ്റെ മതവും സംസ്കാരവും വേണ്ടെന്നുവച്ചു ഇഷ്ടപ്പെട്ടവൻ്റെക്കൂടെ പോവാൻ ഇന്ത്യൻ നിയമപ്രകാരം അവൾക്ക് സ്വാതന്ത്ര്യമുണ്ട്.

എന്നാൽ അമരാവതിയിലെ പാർട്ടി ഓഫീസിൽ കൊണ്ടുവന്നു രക്തഹാരമണിയിച്ച് പാർട്ടി പ്രവർത്തകർ ചേർന്ന് മുദ്രാവാക്യം മുഴക്കി ആഘോഷമാക്കുമ്പോൾ ഇതൊരു പാർട്ടി അജണ്ടയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻപറ്റുമോ? അല്ലങ്കിൽ പാർട്ടി പ്രവർത്തകർ ആരെ ഇണയാക്കിയാലും ഇതുപോലെ പാർട്ടി ഓഫീസിൽവെച്ച് ആഘോഷിക്കുന്ന പതിവു വേണം. അതില്ലല്ലോ...

ഇ.കെ വിഭാഗം എസ്.വൈ.എസ് നേതാവായ നാസർ ഫൈസി കൂടത്തായ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മിശ്രവിവാഹത്തിന്റെ പേരിൽ സി.പി.എമ്മിനെതിരെ ആരോപണമുന്നയിച്ചിരുന്നു. മുസ്‌ലിം പെൺകുട്ടികളെ ഇതര മതസ്ഥർക്ക് വിവാഹം ചെയ്തുകൊടുക്കാൻ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നേതൃത്വം കൊടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് സമാനമായ വിമർശനവുമായി കാന്തപുരം വിഭാഗം നേതാവും രംഗത്തെത്തിയിരിക്കുന്നത്.

Similar Posts