കുട്ടിയെ കണ്ടെന്ന് കന്യാകുമാരിയിലെ ഓട്ടോറിക്ഷക്കാർ; തസ്മിദ് തംസത്തിനായി ബീച്ചിലും പരിശോധന
|കേരള പൊലീസ് കന്യാകുമാരിയിലെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിനിയായ തസ്മിദ് തംസത്തെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണെന്ന് കന്യാകുമാരി എസ്.പി അറിയിച്ചു. ഇതുവരെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിലൊന്നും എസ്.പി പറഞ്ഞു. കന്യാകുമാരി ബീച്ചിലും പരിശോധന നടത്തുന്നുണ്ട്.
ഇന്ന് രാവിലെ 5.30 ഓടെ കുട്ടിയെ ബീച്ച് റോഡിൽ കണ്ടുവെന്ന് കന്യാകുമാരി റെയിൽവേ സ്റ്റേഷനിലെ ചില ഓട്ടോ തൊഴിലാളികൾ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ബുധനാഴ്ച പുലർച്ചയോടെയാണ് കുട്ടി കന്യാകുമാരിയിലെത്തിയത്. ചെന്നൈ-കന്യാകുമാരി എക്സ്പ്രസിലാണ് ഇവിടെ എത്തിയത്.
തിരച്ചിൽ ഊർജിതമായി നടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി മീഡിയവണിനോട് പറഞ്ഞു. കുട്ടിയെ കാണാതായി എന്നറിഞ്ഞയുടൻ ഡി.സി.പിയുടെ നേത്യത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തി കുട്ടിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടിയെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കേരള പൊലീസ് സംഘവും കന്യാകുമാരിയിലെത്തിയിട്ടുണ്ട്. ഒരു വനിതാ എസ്.ഐ ഉൾപ്പെടെ നാലുപേരാണ് സംഘത്തിലുള്ളത്. കുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ പിന്നിട്ടു. കുട്ടിയെ കന്യാകുമാരിയിൽ കണ്ടെതായി ഓട്ടോറിക്ഷക്കാർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ പത്തിനാണ് അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിദ് തംസത്തെ (13) കാണാതായത്. സഹോദരിമാരുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ തസ്മിദ് വീട്ടിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും കുട്ടി പോയത് ബാഗുമായാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യത്തിലുള്ളത് മകള്‍ തന്നെയാണെന്ന് മാതാവ് സ്ഥിരീകരിച്ചു.
കണിയാപുരം ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. സംഭവത്തിൽ കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസാമീസ് ഭാഷ മാത്രമേ കുട്ടിക്ക് അറിയൂ.
അതേസമയം കുട്ടിയെ കണ്ടതയി സൂചന ലഭിച്ച അരോണയ് എക്സ്പ്രസ് ട്രെയിനില്‍ പാലക്കാട് നിന്നും പൊലീസ് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പരിശോധനയ്ക്ക് പിന്നാലെ ട്രെയിന് പാലക്കാട് വിട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ നൽകിയിട്ടുള്ള നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ് - 9497960113, 9497980111.