പൊന്നോണത്തെ വരവേൽക്കാൻ ചിത്രമതിലൊരുക്കി എറണാകുളത്തെ കപ്പ്രശ്ശേരി ഗ്രാമം
|40 അടി നീളത്തിൽ ഒരുക്കിയ ചിത്രമതിൽ കാണാൻ നിരവധിപേരാണ് ഇവിടേക്കെത്തുന്നത്
കൊച്ചി: പൊന്നോണത്തെ വരവേൽക്കാൻ വിസ്മയ കാഴ്ച ഒരുക്കുകയാണ് എറണാകുളത്തെ കപ്പ്രശ്ശേരി ഗ്രാമം. 40 അടി നീളത്തിൽ ഒരുക്കിയ ചിത്രമതിൽ കാണാൻ നിരവധിപേരാണ് ഇവിടേക്കെത്തുന്നത്. ചിത്രമതിലിൽ കഥകളിയും തെയ്യവും അടങ്ങുന്ന കേരളത്തിന്റെ സാംസ്‌കാരിക കലാരൂപങ്ങളും നവോത്ഥാന നായകരുടെ ചിത്രങ്ങളും മറ്റും വരച്ച് വിസ്മയക്കാഴ്ച ഒരുക്കുകയാണ് കപ്പ്രാശ്ശേരിയിലെ തുമ്പപ്പൂ പ്രവർത്തകർ.
ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, മലനാടിൻറെ പൈതൃക കലകളും സ്ഥാനം പിടിച്ച ചിത്രമതിൽ ഓണക്കാലത്തെ വഴിയോരങ്ങളിലെ വേറിട്ടകാഴ്ചയാണ്. യുവ ചിത്രകാരനായ ദിനേശൻ കപ്രശ്ശേരിയുടെ നേതൃത്വത്തിലാണ് ചിത്രമതിൽ ഒരുക്കിയിട്ടുള്ളത്. നാല് ദിവസം കൊണ്ടാണ് കറുപ്പ് നിറത്തിൽ കടും വർണക്കൂട്ടുകൾ ചേർത്ത് ചിത്രങ്ങൾ തയ്യാറാക്കിയത്. സ്ത്രീകളും, കുട്ടികളും വരയിൽ പങ്കാളികളായി. ചിത്ര മതിൽ ശ്രദ്ധ ആകർഷിച്ചതോടെ സെൽഫിയെടുക്കാനും, ദൃശ്യങ്ങൾ പകർത്താനുമുള്ള തിരക്കിലാണ് വഴിയാത്രക്കാർ.
എട്ട് വർഷം മുമ്പാണ് ഒരു കൂട്ടം യുവാക്കൾ ജാതി, മത, രാഷ്ട്രീയ വകഭേദങ്ങൾക്കതീതമായി 'തുമ്പപ്പൂ' എന്ന പേരിൽ കൂട്ടായ്മക്ക് രൂപം നൽകി വ്യത്യസ്ഥമായി രീതിയിൽ മുടങ്ങാതെ ഓണം ആഘോഷിച്ച് വരുന്നത്. കഴിഞ്ഞദിവസം നടന്ന സാംസ്‌കാരിക സമ്മേളനം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി പ്രദീഷ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.