കരമനയിൽ ബൈക്ക് യാത്രികനെ മർദിച്ച കേസ്: പ്രതികളുടെ ലൈസൻസ് റദ്ദാക്കും
|മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചതിനും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ ബൈക്ക് യാത്രികനെ മർദിച്ച കേസിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പും . പ്രതികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.
നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് നടപടി. പ്രതികളുടെ വിവരങ്ങൾ പൊലീസിനോട് എം വി ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചതിനും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ , അനീഷ് എന്നിവരാണ് പ്രതികൾ. ഇരുചക്ര വാഹനത്തിന്‍റെ ഹോൺ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു മർദനം. പ്രതികൾ ഒളിവിലാണ് .
ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിന് മർദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് പ്രദീപിനെ മർദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം.
മര്‍ദനമേറ്റ പ്രദീപിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. മറ്റാരോ ഹോണ്‍ അടിച്ചതിനാണ് തന്നെ മർദിച്ചതെന്നും ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും അസഭ്യ വര്‍ഷവുമായി മര്‍ദനം തുടര്‍ന്നതായും പ്രദീപ് പറഞ്ഞു.