'പി.ശശിയുടെ ധിക്കാര- അഹങ്കാര നിലപാടിനോട് സിപിഎം സഹയാത്രികർക്ക് യോജിക്കാനാവില്ല'; കാരാട്ട് റസാഖ്
|പി. ശശിക്കെതിരെ ആരോപണവുമായി പി.വി അൻവർ എംഎല്‍എ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു കാരാട്ട് റസാഖിന്റെ വിമർശനം.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ എൽഡിഎഫ് മുൻ എംഎൽഎ കാരാട്ട് റസാഖ്. 'പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല'- എന്ന് റസാഖ് ഫേസ്ബുക്കിൽ കുറിച്ചു.
പി. ശശിക്കെതിരെ ആരോപണവുമായി പി.വി അൻവർ എംഎല്‍എ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു കാരാട്ട് റസാഖിന്റെ വിമർശനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വെളിപ്പെടുത്തലുകൾക്കിടെയായിരുന്നു പി.ശശിക്കെതിരെയും എംഎൽഎ ആരോപണം ഉയർത്തിയത്. ശശിയെയും എഡിജിപിയേയും മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകൾ ഏൽപിച്ചെന്നും എന്നാൽ അത് കൃത്യമായി നിർവഹിച്ചില്ലെന്നുമായിരുന്നു ഞായറാഴ്ച പി.വി അൻവറിന്റെ ആരോപണം.
മുഖ്യമന്ത്രി ഏൽപ്പിച്ച ജോലി ചെയ്യുന്നതിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാജയപ്പെട്ടു. എന്നാൽ ഇതിന്റെ പഴി സർക്കാറിനാണ്. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മറുപടി പറയേണ്ട സമയമാണിതെന്നും അൻവർ പറഞ്ഞിരുന്നു. താൻ പൊതുവിഷയങ്ങളിൽ പല തവണ പി.ശശിയെ നേരിൽ കണ്ട് കത്ത് നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും തൻ്റെ ജീവൻ അപകടത്തിലാണെന്നും അൻവർ ആരോപിച്ചിരുന്നു.
കഴിഞ്ഞദിവസം, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അഭിനന്ദിച്ച് കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് നൽകിയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞദിവസം ത്യശൂരിൽ വച്ച് വഴി തടഞ്ഞ് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകർക്കെതിരെ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിൻ്റെയും അന്തിമ വിധികർത്താക്കൾ ഞങ്ങളാണെന്ന മാധ്യമ പ്രവർത്തകരുടെ നിലപാട് അംഗീകരിച്ച് നൽകാവുന്നതല്ല. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണ്.. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്- എന്നായിരുന്നു കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.