കൊടുവള്ളിയിൽ തോറ്റതിന് കാരണം പി.ടി.എ റഹീം ആണെന്ന് കാരാട്ട് റസാഖ്
|വായോളി മുഹമ്മദിനെ മിനറൽ ഡെവല്പമെന്‍റ് കോർപറേഷൻ ചെയമർമാനായി നിയമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിന്‍റെ ആരോപണം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ താന്‍ തോറ്റതിന് പിന്നിൽ പി.ടി.എ റഹീം എം.എൽ.എ ആണെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് റസാഖ്. വോട്ട് ചോർച്ചക്ക് പിന്നിൽ പി.ടി.എ റഹീമിനൊപ്പം ബന്ധു വായോളി മുഹമ്മദിനും പങ്കുണ്ടെന്ന് കാരാട്ട് റസാഖ് ആരോപിച്ചു. വായോളി മുഹമ്മദിനെ മിനറൽ ഡെവല്പമെന്‍റ് കോർപറേഷൻ ചെയമർമാനായി നിയമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കാരാട്ട് റസാഖിന്‍റെ ആരോപണം.
എം.കെ മുനീറിനെ തോല്‍പ്പിച്ച് താന്‍ നിയമസഭയില്‍ എത്തിയാല്‍ ആഗ്രഹിച്ച മന്ത്രിസ്ഥാനം പോവുമെന്നും താൻ വിഭാവനം ചെയ്ത പല പദ്ധതികളും വന്നാൽ റഹീമിനും ബന്ധുക്കൾക്കും വേണ്ട പലതും നഷ്ടമാവും എന്നും ആശങ്കപ്പെട്ടു. ഇതൊക്കെയാണ് തന്നെ പരാജയപ്പെടുത്താൻ കാരണമെന്ന് കാരാട്ട് റസാഖ് ആരോപിച്ചു. സി.പി.എം വിടേണ്ടതിന്‍റെ ആവശ്യം നിലവിൽ ഇല്ല. മറ്റാരൊക്കെ എതിർത്താലും കേരളത്തിന്‍റെ മുഖ്യമന്ത്രി ഇപ്പോഴും എല്ലാവിധ പരിഗണനയും നൽകുന്നുണ്ട്. അത്ര നല്ല ബന്ധമുള്ളപ്പോൾ പാർട്ടി വിട്ടുപോകേണ്ട സാഹചര്യം ഇല്ലെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.