Kerala
karipoor parking news

karipoor parking

Kerala

കരിപ്പൂരിൽ പാർക്കിങ്ങിന്റെ പേരിൽ അന്യായമായി പിഴ ഇടാക്കുന്നുവെന്ന് ആരോപണം

Web Desk
|
7 March 2023 2:36 PM GMT

വാഹനം നിർത്തി ലെഗേജ് ഇറക്കുന്നതിനിടെ മൂന്ന് മിനിറ്റ് ആയമ്പോഴേക്കും 500 രൂപ പിഴയായി ആവശ്യപ്പെട്ട് വാഹനം ലോക്ക് ചെയ്‌തെന്ന് ആരോപണം.

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ പാർക്കിങ്ങിന്റെ പേരിൽ അന്യായമായി പിഴ ഈടാക്കുന്നുവെന്ന് ആരോപണം. അബ്ദുൽ അസീസ് പൊൻമുണ്ടം എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ ആരോപണവുമായി രംഗത്തെത്തിയത്. ഡിപ്പാർച്ചർ ടെർമിനലിന് മുന്നിൽ വാഹനം നിർത്തി ലഗേജ് ട്രോളിയിൽ കയറ്റുമ്പോഴേക്കും ഇതര സംസ്ഥാനക്കാരനായ ജീവനക്കാരൻ വന്ന് വാഹനം ലോക്ക് ചെയ്‌തെന്നാണ് അസീസിന്റെ ആരോപണം.

വാഹനം നിർത്തിയിട്ട് ഒമ്പത് മിനിറ്റായെന്നും 500 രൂപ ഫൈൻ അടക്കണമെന്നുമായിരുന്നു ആവശ്യം. എയർപോർട്ട് അതോറിറ്റി ഓഫീസിൽ പോയി സംസാരിച്ചപ്പോഴും ലോക്കിട്ട വ്യക്തി പഴയ നിലപാടിൽ തന്നെയായിരുന്നു. ഒടുവിൽ സി.സി.ടി.വി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ 60 രൂപ അടച്ച് ലോക്ക് ഒഴിവാക്കി കൊടുക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചുവെന്നും അസീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ് കൊള്ള

ലീവ് കഴിഞ്ഞ് തിരിച്ചുപോകുന്ന അനിയനെയും ഉംറ ആവശ്യാര്‍ഥം കൂടെ പോകുന്ന ഉമ്മയെയും അനിയന്റെ കുടുംബത്തെയും യാത്രയാക്കാനായി ഇന്ന്‍ വൈകീട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോയതായിരുന്നു. ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിന് മുന്നില്‍ വാഹനം നിറുത്തി ലഗേജ് ട്രോളിയില്‍ കയറ്റി രണ്ടടി മുന്നോട്ട് നീങ്ങിയതേയുള്ളൂ അതാ ഒരു ഹിന്ദിക്കാരന്‍ കാറിന്റെ ടയറിന്‍റെ അടുത്ത് വന്നിരിക്കുന്നു. സംഗതി പിടികിട്ടിയ ഞാന്‍ കൂടെയുണ്ടായിരുന്ന സഹോദരീ പുത്രന്മാരോട് പറഞ്ഞു, പെട്ടെന്ന് വണ്ടിയെടുത്ത് സ്ഥലം മാറ്റിയേക്കൂ, അയാള്‍ ടയര്‍ ലോക്ക് ചെയ്യുകയാണ് എന്ന്‍. അവര്‍ ചെന്ന്‍ പറഞ്ഞിട്ടും കക്ഷിക്ക് കുലുക്കമില്ല. ടൈം ഓവര്‍ എന്നും പറഞ്ഞ് ലോക്കിട്ടു. വൈകാതെ ഉമ്മയെയും അനുജനേയും കുടുംബത്തെയും യാത്രയാക്കി ഞാനും ചെന്നു. ലോക്കിട്ടയാളെ വിളിച്ച് കാര്യം സംസാരിച്ചു. പാര്‍ക്കിങ് കൂപ്പണ്‍ കാണിച്ച് കൊടുത്ത്, ഞങ്ങള്‍ വന്നിട്ട് പരമാവധി മൂന്ന്‍ മിനുട്ടേ ആയിരുന്നുള്ളൂ, വാഹനത്തിന്റെ സമീപത്ത് തന്നെ ഞങ്ങള്‍ ഉണ്ടായിരുന്നു താനും. എന്നിട്ടും നീ ലോക്കിട്ടു, ഇതെന്ത് നിയമമാണ് എന്നും മറ്റും എന്റെ കണ്ടം മുണ്ടം ഹിന്ദിയില്‍ ചോദിച്ചിട്ടും ഹിന്ദി വാലക്ക് ഭാവമാറ്റമില്ല!

ടിയാൻ ആളല്‍പം പരുക്കനാണ്. എന്‍ട്രി കൂപ്പണിലെ സമയം നോക്കി അതുവരെയുള്ള സമയം കാല്‍കുലേറ്റ് ചെയ്തു ടിയാന്‍ പറയുകയാ, 'നിങ്ങള്‍ വന്നിട്ട് 9 മിനുട്ട് ആയി, ഞാനിവിടത്തെ പാര്‍ക്കിങ് നിയമമാണ് നടപ്പിലാക്കിയത്, ഇനി നിങ്ങള്‍ക്ക് പെനാല്‍റ്റി അടക്കുകയേ നിര്‍വാഹമുള്ളൂ' എന്ന്‍! ടെര്‍മിനലിന് മുന്നില്‍ 6 മിനുറ്റിലധികം വാഹനം പര്‍ക്ക് ചെയ്താല്‍ 500 രൂപ പെനാല്‍റ്റി അടക്കേണ്ടി വരും എന്ന ബോര്‍ഡുകള്‍ ചുറ്റും ഉണ്ടായിരിക്കെ തന്നെ ഞാന്‍ ചോദിച്ചു, എത്രയാണ് പെനാല്‍റ്റി എന്ന്‍. അഞ്ഞൂറ് എന്നെഴുതിയ ഫോട്ടോ അയാള്‍ മൊബൈലില്‍ കാണിച്ചു തന്നു. പരമാവധി മൂന്ന്‍ മിനുട്ട് മാത്രമാണ് പാര്‍ക്ക് ചെയ്തിട്ടുള്ളത് എന്നിരിക്കെ എന്തിന് പെനാല്‍റ്റി അടക്കണം എന്ന്‍ ഞാനും. അടക്കാന്‍ തയ്യാറല്ലെന്ന് കണ്ട അയാള്‍ 'എങ്കില്‍ നിങ്ങള്‍ പാര്‍ക്കിങ് അതോറിറ്റിയില്‍ പോയി സംസാരിച്ചോളൂ' എന്നും പറഞ്ഞ് അടുത്ത ലോക്കുമായി മറ്റെവിടേക്കോ പോയി. ഞാനും പെങ്ങളുടെ മകനും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഓഫീസിലേക്കും പോയി.

ഓഫീസില്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നത് ഒരു മലയാളി ഓഫീസറായിരുന്നു‍. മാന്യമായ സംസാരം. ഞങ്ങള്‍ വിഷയം പറഞ്ഞപ്പോള്‍ അദ്ദേഹം, 'ആരാണ് ലോക്കിട്ടത്, അദ്ദേഹത്തെ കൂട്ടി വരൂ' എന്നായി. 'ലോക്ക്മാനെ' തെരഞ്ഞ് പിടിച്ച് ഞങ്ങള്‍ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാള്‍ അവിടെയും ഒമ്പത് മിനുറ്റിന്റെ കാര്യം ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ 'എങ്കില്‍ സിസി ടീവി നോക്കുക' എന്നായി ഞാന്‍. എയര്‍പോര്‍ട്ടില്‍ അതത്ര എളുപ്പമല്ലെന്നറിയാമെങ്കിലും ഞാനത് ആവര്‍ത്തിച്ചു. അപ്പോള്‍ ഓഫീസര്‍ 'ലോക്ക്മാനോ'ട് അല്‍പം ഗൌരവത്തില്‍ തന്നെ സംസാരിക്കുന്നത് കണ്ടു. 'ഇപ്പോഴത്തെ സമയം നോക്കിയത് കൊണ്ട് കാര്യമായില്ല, നീ ലോക്ക് ചെയ്യുന്ന സമയം നോട്ട് ചെയ്യണം' എന്നും കൂട്ടത്തില്‍ അദ്ദേഹം പറയുന്നത് കേട്ടു. 'നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്യാതെ ഇയാള്‍ ലോക്ക് ചെയ്യില്ലല്ലോ' എന്ന്‍ എന്നോടു ഓഫീസര്‍ ചോദിച്ചതും ഞാന്‍ സിസി ടിവിയുടെ കാര്യം അവര്‍ത്തിച്ചു. 'ഞങ്ങളുടെ അടുക്കല്‍ രണ്ട് കാറുകള്‍ ഉണ്ടായിരുന്നു, രണ്ടും ഒരേ സമയം തൊട്ടടുത്തായാണ് പാര്‍ക്ക് ചെയതത്. അതില്‍ ഒന്നിന് മാത്രമാണ് ഇയാള്‍ ലോക്കിട്ടത്. അതിന്റെ ന്യായമെന്താണ് എന്ന ചോദ്യവും ഉയര്‍ത്തി. അന്നേരമതാ കൂടെയുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു, 'തല്‍കാലം ഇവരെക്കൊണ്ട് 60 രൂപ അടപ്പിച്ച് ലോക്ക് ഒഴിവാക്കി കൊടുത്തേക്കൂ' എന്ന്! 500 രൂപ പെനാല്‍റ്റി ഒഴിവായി കിട്ടിയപ്പോള്‍ പിന്നെ ആ 60 നെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. അതിന് കിട്ടിയ ബില്ലില്‍ COLL AMT എന്നാണ് എഴുതിക്കാണുന്നത്. അതെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല!

ഇമ്മാതിരി പകല്‍ കൊള്ളകള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നറിയാം. പലരും അതേകുറിച്ച് എഴുതുകയും പറയുകയും ചെയ്തത് സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളിലും പലവുരു കണ്ടിട്ടുണ്ട്. 16 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ എത്രയോ തവണ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോയിട്ടുണ്ടെങ്കിലും എനിക്ക് ഇങ്ങനെയൊരനുഭവം പക്ഷേ ഇതാദ്യമായാണ്. അന്നേരം തന്നെ പ്രതികരിച്ചതിന് കാര്യമുണ്ടായതില്‍ ഏറെ സന്തോഷം. അല്ലാഹുവിന് സ്തുതി. പെനാല്‍റ്റി അടക്കുക എന്ന്‍ പറയുമ്പോഴേക്ക് മറുവാക്ക് ഒന്നുമില്ലാതെ കാശെടുത്ത് നല്‍കുന്ന, അതല്ലെങ്കില്‍ ഭാഷാപരമായ പരിമിതി കൊണ്ടോ, സമയക്കുറവ് കൊണ്ടോ മറ്റോ മൌനം പാലിക്കുന്ന എത്ര പേരുടെ പണം നാളിതുവരെ ഇവന്മാര്‍ പിടുങ്ങിയിട്ടുണ്ടാവും?! എന്നെങ്കിലും ഇതിനൊരറുതിയും ഈ പകല്‍കൊള്ളക്കെതിരായ നടപടിയും പ്രതീക്ഷിക്കാമോ?

Similar Posts