കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: കൊടുവള്ളി സംഘത്തിലെ ഒരാൾകൂടി പിടിയിൽ
|വട്ടോളി സ്വദേശി കോട്ടോപറമ്പിൽ മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. 16 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാകേസിൽ ഒരാൾകൂടി അറസ്റ്റിൽ. കൊടുവള്ളി സംഘത്തിൽപെട്ട വട്ടോളി സ്വദേശി കോട്ടോപറമ്പിൽ മുഹമ്മദ് റാഫി(31)യാണ് പിടിയിലായത്.
രഹസ്യതാവളത്തിൽനിന്ന് റാഫിയെ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 16ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 34 ആയി.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടത്തൽ. കേസിൽ 17 പ്രതികളെ കൂടി അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി ഇന്ന് അംഗീകരിച്ചിരുന്നു.
കൊടുവള്ളി സംഘത്തലവൻ സുഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് കസ്റ്റംസ് മഞ്ചേരി മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്. 17 പ്രതികളും രാമനാട്ടുകര അപകടക്കേസിൽ ഇപ്പോൾ ജയിലിലാണുള്ളത്. കോടതിയുടെ അനുമതി ലഭിച്ചതിനാൽ ഓണത്തിനുശേഷം പ്രതികളെ ജയിലിലെത്തി കസ്റ്റംസ് അറസ്റ്റ് രേഖപെടുത്തും.
വിമാനത്താവളം വഴി പ്രതികൾ വ്യാപകമായി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതായുള്ള തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അർജുൻ ആയങ്കി ഉൾപ്പെടെയുള്ള പ്രതികൾ കണ്ണൂർ കേന്ദ്രീകരിച്ച് വലിയ സംഘമായി നിരവധി തവണ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.