സ്വർണക്കടത്തിന് ഒത്താശ: കരിപ്പൂർ വിമാനത്താവളത്തിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
|കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച ശേഷമാണ് നടപടികൾ ഊർജിതമായത്
സ്വർണക്കടത്തിന് ഒത്താശ ചെയ്തതിൽ ഈ മാസം നടപടിക്ക് വിധേയരായത് കരിപ്പൂർ വിമാനത്താവളത്തിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് ഇന്നലെ പൊലീസ് പിടിയിലായത്. മുനിയപ്പയെ കസ്റ്റംസ് സസ്‌പെൻഡ് ചെയ്തു.
പിടികൂടിയ കളളക്കടത്ത് സ്വർണം റിപ്പോർട്ട് ചെയ്തില്ലെന്ന പൊലീസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഈ മാസം ആദ്യവാരം കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സൂപ്രണ്ട് പ്രമോദ് കുമാർ സവിത, ഹവിൽദാർ സനിത് കുമാർ എന്നിവരാണ് സസ്പെൻഷൻ നേരിട്ടത്. ഇതിന് പിറകെയാണ് ദിവസങ്ങൾക്കുള്ളിൽ കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് നേരിട്ട് കസ്റ്റഡിയിലെടുത്തത്.
യാത്രികനിൽ നിന്ന് പിടികൂടിയ പകുതി സ്വർണത്തിന് മാത്രം തീരുവ ഈടാക്കി ബാക്കിയുളള സ്വർണം കൈമാറാൻ കൈക്കൂലി ആവശ്യപ്പെട്ട സൂപ്രണ്ട് പി മുനിയപ്പയാണ് പൊലീസ് വലയിലായത്. 320 ഗ്രാം വിമാനത്താവളത്തിനുളളിൽ നിന്ന് പുറത്തെത്തിക്കുന്നതിന് ആവശ്യപ്പെട്ട 25,000 രൂപ കൈമാറുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. വിമാനത്താവളം കേന്ദ്രീകരിച്ച് കഴിഞ്ഞ എട്ടു മാസത്തിനിടെ പൊലീസ് രജിസ്റ്റർ ചെയ്തത് 52 സ്വർണക്കടത്ത് കേസുകളാണ്. 23 കോടിയോളം രൂപയുടെ 42 കിലോയിലധികം സ്വർണമാണ് പിടിച്ചത്.
കഴിഞ്ഞ ഡിസംബറിൽ വിമാനത്താവള ടെർമിനലിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച ശേഷമാണ് പൊലീസ് നടപടികൾ ഊർജിതമായത്. ക്യാരിയറിൽ നിന്ന് സ്വർണം സ്വീകരിക്കാനെത്തുന്നവരെയും വാഹന സഹിതം പൊലീസ് പിടികൂടി. വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും വർധിച്ചതോടെയാണ് പൊലീസ് സഹായകേന്ദ്രം തുറന്നത്. നേരത്തെ സംശയാസ്പദ സാഹചര്യങ്ങളിലുള്ളവരാണ് പൊലീസ് വലയിലായതെങ്കിൽ ഇപ്പോൾ സ്വർണ്ണക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികൾ കൂടുതലും.