കരിപ്പൂർ വിമാനത്താവളം: 15 മുതല്‍ ആറുമാസം പകല്‍ റണ്‍വേ അടക്കും
|ഞായറാഴ്ച മുതലാണ് വിമാനത്താവളത്തിൽ റീകാർപറ്റിങ് പ്രവൃത്തി തുടങ്ങുക
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. പകൽ പത്ത് മുതൽ വൈകീട്ട് ആറ് വരെ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് പുതിയ ക്രമീകരണം.
ഞായറാഴ്ച മുതലാണ് വിമാനത്താവളത്തിൽ റീകാർപറ്റിങ് പ്രവൃത്തി തുടങ്ങുക. ആറ് മാസത്തേക്കാണ് റൺവേ പകൽ സമയങ്ങളിൽ അടക്കുക. ഈ സമയത്തുളള സർവീസുകളാണ് പുനഃക്രമീകരിച്ചത്. നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഈ സമയത്തുളളത്. ബാക്കിയുളള സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുനഃക്രമീകരിച്ചിരുന്നു. ആഴ്ചയിൽ ആറ് ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിന്‍റെ സമയം മാറ്റി. ഇപ്പോൾ 10.50നാണ് വിമാനം കരിപ്പൂരിൽ നിന്നും പുറപ്പെടുന്നത്.
ജനുവരി 14 മുതൽ പുതിയ സമയ ക്രമമനുസരിച്ച് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ് വിമാനം പുറപ്പെടുക. കണ്ണൂർ വഴി മടങ്ങുന്ന വിമാനം ഉച്ചക്ക് 2.05നാണ് ഡൽഹിയിലെത്തുക. സലാം എയറിന്‍റെ സലാല സർവീസിന്‍റെയും സമയം മാറ്റിയിട്ടുണ്ട്. നിലവിൽ പുലർച്ചെ 4.40ന് സലാലയിൽ നിന്നും പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തുന്ന വിമാനം 11 മണിക്കാണ് മടങ്ങുക. ജനുവരി 17 മുതൽ പുലർച്ചെ 2.35ന് പുറപ്പെട്ട് 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ് സർവീസ്.
അതെ സമയം റൺവേ റീകാർപ്പറ്റിംഗിനൊപ്പം റൺവേ സെന്‍റര്‍ ലൈറ്റിങ് സംവിധാനവും ഒരുക്കും. ഇതുൾപ്പെടെ 11 മാസത്തിനകം നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് 56 കോടി രൂപക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്.