കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ
|കേസിൽ നാലംഗ സംഘം നേരത്തെ പിടിയിലായിരുന്നു
മലപ്പുറം: കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കേസിൽ നാലംഗ സംഘം നേരത്തെ പിടിയിലായിരുന്നു. ഇവർ സ്വർണക്കവർച്ചക്ക് എത്തിയത് അർജുൻ ആയങ്കിയുടെ നിർദേശ പ്രകാരമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങലിൽ നിന്നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരിപ്പൂരിൽ സ്വർണക്കവർച്ചാ സംഘത്തിനെ പൊലീസ് പിടികൂടിയിരുന്നു. കാരിയറിൽ നിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. പരപ്പനങ്ങാടി സ്വദേശി മൊയ്‌ദീൻ കോയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് പിടിയിലായത്.
മറ്റൊരാൾക്ക് സ്വർണം കൈമാറുന്നതിനിടെ കവർച്ച ചെയ്യപ്പെട്ടു എന്ന രീതിയിൽ തട്ടിപ്പ് നടത്താനായിരുന്നു ഇവരുടെ പദ്ധതി. കരിയർ ഉൾപ്പടെ അഞ്ച് പേരാണ് അന്ന് പൊലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിലാണ് അർജുൻ ആയങ്കിയുടെ പങ്ക് വെളിപ്പെട്ടത്. മൊയ്‌ദീൻ കോയ അർജുൻ ആയങ്കിയുടെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചിരുന്നത് എന്ന നിർണായക വിവരവും പൊലീസിനു ലഭിച്ചിരുന്നു.