കാട്ടാന ആക്രമണം: കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം പ്രഖ്യാപിച്ച് കർണാടക
|രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
ബെംഗളൂരു: കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. 15 ലക്ഷം രൂപ നൽകുമെന്നാണ് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര പ്രഖ്യാപിച്ചത്. അജീഷിന്റെ കുടുംബത്തെ ഞായറാഴ്ച രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം രാഹുൽ കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
നിലവിൽ കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിനും നൽകുന്നത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി ഈശ്വർ ഖന്ദ്ര പറഞ്ഞു.
ഫെബ്രുവരി 10നാണ് ബേലൂർ മഗ്ന പനച്ചിയിൽ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം ഇപ്പോഴും തുടരുകയാണ്.