'അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് പറഞ്ഞിരുന്നു, അനുമതിയില്ലാതെ ഇറക്കി'; കാർത്തികയുടെ മരണം ചികിത്സാപിഴവെന്ന പരാതിയിലുറച്ച് കുടുംബം
|'സത്യം തങ്ങൾക്ക് അറിയണം'
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിലെ യുവതിയുടെ മരണം ചികിത്സാപിഴവ് മൂലമെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കുടുംബം. അന്നനാളത്തിലൂടെ ട്യൂബ് ഇറക്കരുതെന്ന് ഡോക്ടർമാരോട് പറഞ്ഞിരുന്നു. എന്നാൽ അനുമതിയില്ലാതെ ട്യൂബിറക്കി. യാതൊരു പ്രശ്‌നവുമില്ലാതെ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആൾ മരിച്ചത് ചികിത്സയിലെ പാളിച്ച മൂലമാണ്. സത്യം തങ്ങൾക്ക് അറിയണമെന്നും കുടുംബം മീഡിയവണിനോട് പറഞ്ഞു.
കാർത്തിക ഭിന്നശേഷികാരിയാണ്. കാലിന് ചെറുപ്പം മുതൽ പ്രയാസമുണ്ട്. ഇത് സർജറിയിലൂടെ ശരിയാക്കമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. രാത്രി ഒമ്പതരക്ക് ശേഷമാണ് മരിച്ച വിവരം അറിയിക്കുന്നത്. ഹൃദായഘാതം വന്ന് മരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയെന്ന് കുടുംബം പറഞ്ഞു.
കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തികയാണ് മരിച്ചത്. കുലിക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കർത്തിക. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡോക്ടർമാരുടെ ചികിത്സാപിഴവെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവ് കാരണം മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്.