പ്രതിസന്ധിയിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: ആശുപത്രികൾക്ക് വൻ തുക കുടിശ്ശിക
|കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സ്റ്റന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് കമ്പനികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്
കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ലഭിക്കാനുള്ള വൻ തുക കുടിശ്ശികയായതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം നൽകാനാവാതെ വലഞ്ഞ് ആശുപത്രികൾ. പല ആശുപത്രികളിലും കമ്പനികൾ വിതരണം നിർത്തിവച്ചു.
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സ്റ്റന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് കമ്പനികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിതരണക്കാരായ കമ്പനികൾക്ക് ആശുപത്രിയിൽ നിന്നും വൻ തുക ലഭിക്കാൻ ഉള്ളതാണ് വിതരണം നിർത്തിവയ്ക്കാൻ കാരണം. കാസ്പ് വഴി അഞ്ചു കോടി രൂപയാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്.
കുടിശ്ശിക തീർപ്പാക്കി നൽകുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് കത്തു നൽകിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല എന്നും വിതരണ കമ്പനി പ്രതിനിധികൾ പറയുന്നു.
മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ലഭിക്കാതെ വന്നാൽ ആശുപത്രികൾക്ക് കാസ്പ് മുഖേനയുള്ള ചികിത്സ നിർത്തേണ്ടി വരും. അതിനാൽ തന്നെ പാവപ്പെട്ട രോഗികളുടെ ചികിത്സകുറപ്പാക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലാണ് ആവശ്യം.