കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് എ.സി മൊയ്തീൻ
|കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും എ.സി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.
കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇനി വിളിക്കുന്ന ദിവസം ഹാജരാകുമെന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ. നിയമനടപടിയെ കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും എ.സി മൊയ്തീൻ ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.
എ.സി മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഹാജരാകേണ്ടതില്ലെന്നാണ് പാർട്ടി നിർേദശം. പൊതു അവധി ആയതിനാൽ നികുതി രേഖകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചു.
നേരത്തെ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാൻ കഴിയില്ല എന്ന് മൊയ്തീൻ ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 150 കോടിയുടെ തട്ടിപ്പ് നടന്ന കേസിൽ ബിനാമികൾക്ക് ലോൺ അനുവദിക്കാൻ നിർദേശിച്ചത് എ.സി മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു.