Kerala
Karuvannur Bank Fraud,  complaint against Satish Kumar, latest malayalam news, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സതീഷ് കുമാറിനെതിരെ പരാതി, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സതീഷ് കുമാറിനെതിരെ വീണ്ടും പരാതി

Web Desk
|
1 Oct 2023 6:25 AM GMT

കുടിശിക 75 ലക്ഷം രൂപയായെന്ന് കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നെന്നും എന്നാൽ ഒരു രൂപ പോലും തങ്ങൾക്ക് കിട്ടിയില്ലെന്നും സിന്ധു പറഞ്ഞു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷിനെതിരെ ഒരു പരാതിക്കാരി കൂടി രംഗത്ത്. സതീഷ് കുമാർ തന്നെ ചതിച്ചുവെന്ന് വെള്ളായ സ്വദേശിനി സിന്ധു ആരോപിച്ചു. 35 ലക്ഷം രൂപ സതീഷ് കുമാർ നിർബന്ധിച്ച് ലോണെടുപ്പിച്ചെന്നും 11 ലക്ഷം പണമായി തന്ന ശേഷം ഈ തുക ബലമായി പിടിച്ചു കൊണ്ടു പോയെന്നും സിന്ധു പറഞ്ഞു. കുടിശിക 75 ലക്ഷം രൂപയായെന്ന് കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നെന്നും എന്നാൽ ഒരു രൂപ പോലും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും സിന്ധു വ്യക്തമാക്കി .

'മുണ്ടൂർ സഹകരണ ബാങ്കിൽ എനിക്ക് 18 ലക്ഷം ലോൺ ഉണ്ടായിരുന്നു. ശാരിരിക അവശതകളെ തുടർന്ന് ഒരു കൊല്ലത്തോളം ലോൺ അടവ് മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി. ഈ സമയത്ത് ഭർത്താവിന്‍റെ സുഹൃത്ത് വഴിയാണ് സതീഷിനെ പരിജയപ്പെടുന്നത്. അയാള്‍ ഇവിടെ വീട് വന്ന് കാണുകയും ലോൺ ടേക്ക് ഓവർ ചെയ്ത് തരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തെളിവിന് വേണ്ടിയാണെന്ന് പറഞ്ഞ് ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. അതിന് ശേഷം 26 ലക്ഷത്തിന്‍റെ ചെക്ക് തന്ന് എന്‍റെ ലോൺ അടച്ച് തീർക്കുകയും ചെയ്തു. ബാങ്കിൽ നിന്ന് ബാക്കിയായി ലഭിച്ച 50000 രൂപ സതീഷിന്‍റെ ഞാൻ വീട്ടിൽ എത്തിച്ച് നൽകിയിരുന്നു. പിന്നീട് 35 ലക്ഷം രൂപയുടെ ലോണാണ് പാസാക്കുന്നതെന്ന് പറഞ്ഞപ്പോള്‍ എന്നെക്കൊണ്ട് അടച്ച് തീർക്കാൻ ആകില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും എന്നെക്കൊണ്ട് നിർബന്ധിപ്പിച്ച് ലോണെടുപ്പിച്ചു. ശേഷം 11 ലക്ഷം എനിക്ക് നൽകുകയും പിന്നിടിത് വാങ്ങിക്കൊണ്ടു പോകുകയും ചെയ്തു'- സിന്ധു പറഞ്ഞു.

സമാനമായ രീതിയിൽ സതീഷിനെതിരെ നിരവധി പരാതികള്‍ ഉയർന്നിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ 500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിന് പുറമേ അയ്യന്തോൾ സഹകരണ ബാങ്ക് അടക്കമുള്ള മറ്റ് ബാങ്കുകൾ വഴിയും സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു.

Similar Posts